ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ആവശ്യപ്രകാരം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖലിബാഫ് എന്നിവരെ തങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ നിന്ന് ഇസ്രയേൽ ഒഴിവാക്കിയതായി റിപ്പോർട്ട്. ഒരു ഉന്നത പാക് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
“അവരെ ഒഴിവാക്കാൻ ഇസ്രയേൽ ആഗ്രഹിച്ചു, അവരും ഇല്ലാതായാൽ സംസാരിക്കാൻ മറ്റാരുമില്ലെന്ന് ഞങ്ങൾ യുഎസിനോട് പറഞ്ഞു, അതിനാൽ യുഎസ് ഇസ്രയേലിനോട് പിന്മാറാൻ ആവശ്യപ്പെട്ടു,” ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇസ്രയേൽ-ഇറാൻ സമാധാന ചർച്ചകൾ നടക്കുന്നതിനാൽ രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ താത്കാലികമായി ഉന്മൂലനം ചെയ്യേണ്ടവരുടെ പട്ടികയിൽനിന്ന് ഇസ്രയേൽ നീക്കം ചെയ്തതായി വാൾസ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, റിപ്പോർട്ട് അനുസരിച്ച്, ഏകദേശം നാലോ അഞ്ചോ ദിവസത്തേക്കാണ് ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, പാകിസ്താന്റെ പങ്കിനെക്കുറിച്ച് പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിച്ചുവരുന്നു.
ഇറാഖ്, പാക്കിസ്ഥാൻ, ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ തന്ത്രപ്രധാന രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചിട്ടുണ്ടെന്ന് അരാഗ്ചി പറഞ്ഞു. “ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ല – അത് ശത്രുക്കൾക്ക് മുന്നിൽ മാത്രമാണ് അടച്ചിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
