മൺട്രിയോൾ: ന്യൂയോർക്കിലെ ലാക്വാർഡിയ വിമാനത്താവളത്തിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ വിമാനാപകടത്തിൽ പരുക്കേറ്റ യാത്രക്കാർക്ക് വലിയ തുക നഷ്ടപരിഹാരം ലഭിക്കാൻ നിയമപരമായ വഴികളുണ്ടെന്ന് വ്യോമയാന നിയമവിദഗ്ധർ. എയർ കാനഡ വിമാനം റൺവേയിലെ ഫയർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെടുകയും നാൽപ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഓരോ യാത്രക്കാരനും ലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകാൻ എയർ കാനഡ ബാധ്യസ്ഥരാണെന്ന് യാത്രക്കാരുടെ അവകാശങ്ങൾക്കായി വാദിക്കുന്ന ഗാബോർ ലൂക്കാക്സ് പറഞ്ഞു.

ശരീരിക പരുക്കുകൾക്കും മരണങ്ങൾക്കും വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന രാജ്യാന്തര ഉടമ്പടി പ്രകാരം യാത്രക്കാർക്ക് നിയമനടപടിയുമായി മുന്നോട്ട് പോകാം. 1999-ലെ മൺട്രിയോൾ കൺവെൻഷൻ പ്രകാരം പരുക്കേറ്റ ഓരോ യാത്രക്കാരനും ഏകദേശം മൂന്ന് ലക്ഷം ഡോളർ വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ലൂക്കാക്സ് വ്യക്തമാക്കി. ഈ ഉടമ്പടി പ്രകാരം കേസ് ഫയൽ ചെയ്യാൻ യാത്രക്കാർക്ക് രണ്ട് വർഷത്തെ സമയപരിധിയുണ്ട്.
എയർ കാനഡയ്ക്ക് പുറമെ അമേരിക്കൻ വ്യോമയാന അതോറിറ്റിക്കും ലോക്കൽ പോർട്ട് അതോറിറ്റിക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് വ്യോമയാന അഭിഭാഷകനായ കെവിൻ ഡർക്കിൻ പറയുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചയും അന്വേഷണ പരിധിയിൽ വരും.
