റിയാദ്: സൗദി അറേബ്യയിലെ പ്രധാന തുറമുഖങ്ങളെ ജോർദാൻ ഉൾപ്പെടെയുള്ള വടക്കൻ അയൽരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ റെയിൽവേ ചരക്ക് ഇടനാഴി യാഥാർത്ഥ്യമായി. സൗദി അറേബ്യൻ റെയിൽവേ ആണ് ഈ രാജ്യാന്തര ലോജിസ്റ്റിക് പദ്ധതിക്ക് തുടക്കം കുറിച്ചത്. ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ജുബൈലിയയിലെ വ്യവസായ-വാണിജ്യ തുറമുഖങ്ങൾ എന്നിവയെ വടക്കൻ അതിർത്തിയിലെ ‘അൽ ഹാദിത’ ലാൻഡ് പോർട്ടുമായി ഈ റെയിൽ ശൃംഖല നേരിട്ട് ബന്ധിപ്പിക്കും.

ഏകദേശം 1700 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് റോഡ് മാർഗത്തെ അപേക്ഷിച്ച് പകുതി സമയം മാത്രമേ ഇനി മുതൽ വേണ്ടിവരൂ. ഒരു ട്രെയിനിൽ ഒരേസമയം 400 കണ്ടെയ്നറുകൾ വരെ കൊണ്ടുപോകാൻ സാധിക്കും. ഇത് കയറ്റുമതി, പുനർ-കയറ്റുമതി മേഖലകൾക്ക് വലിയ കരുത്താകും.
റോഡ് മാർഗമുള്ള ആയിരക്കണക്കിന് ട്രക്കുകളെ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ഇത് റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിനും സഹായിക്കും. സൗദി ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഇടനാഴി തുറന്നിരിക്കുന്നത്. ഇത് ജോർദാനിലേക്കും മറ്റ് അയൽരാജ്യങ്ങളിലേക്കുമുള്ള വ്യാപാരം കൂടുതൽ സുഗമമാക്കും.
