വാഷിങ്ടൺ : അമേരിക്കന്‍ സേനയില്‍ ചേരാനുള്ള പ്രായപരിധി 35-ല്‍ നിന്നും 42 ആയി ഉയര്‍ത്തി. ഇതോടെ കൂടിയ പ്രായപരിധിയുള്ളവര്‍ക്കും അമേരിക്കന്‍ സേനയില്‍ പ്രവേശനത്തിനുള്ള അവസരം ഒരുങ്ങുന്നു. 2006-ല്‍ ഇറാഖ് യുദ്ധ സമയത്തും ഇത്തരത്തില്‍ പ്രായപരിധി 42 ആയി ഉയര്‍ത്തിയിരുന്നു. പിന്നീട് 10 വര്‍ഷത്തിനു ശേഷം അത് പിന്‍വലിച്ച് പഴയപോലെ പ്രായപരിധി 35 ആക്കിയിരുന്നു. ഇപ്പോള്‍ ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് വീണ്ടും പ്രായപരിധി ഉയര്‍ത്തിയത്.

ഈ മാറ്റത്തോടെ അമേരിക്കന്‍ എയര്‍ഫോഴ്സിലും നേവിയിലും ഉള്‍പ്പെടെ ഉയര്‍ന്ന പ്രായപരിധിയില്‍ ജോലി പ്രവേശനത്തിന് അനുമതി ലഭിക്കും. എന്നാല്‍ ഇറാനുമായുളള നിലവിലെ സംഘര്‍ഷത്തിന്റെ ഭാഗമായല്ല ഇത്തരത്തില്‍ പ്രായപരിധി കുറച്ചതെന്നും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നിയമന ക്ഷാമം പരിഹരിക്കാന്‍ റിക്രൂട്ട്മെൻ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് അധികൃതരുടെ വിശദീകരണം.

പെന്റഗണ്‍ റിപ്പോര്‍ട്ട് പ്രകാരം സേനയിലേക്കുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് വലിയ വെല്ലുവിളിയാണ്. 17 മുതല്‍ 24 വയസ്സ് വരെയുള്ള അമേരിക്കക്കാരില്‍ ഏകദേശം 23% പേര്‍ക്ക് മാത്രമാണ് സേനയില്‍ ചേരാന്‍ യോഗ്യതയുള്ളത്. വിദ്യാഭ്യാസ നിലവാരം, അമിതവണ്ണം, ക്രിമിനല്‍ റെക്കോര്‍ഡ് എന്നിവയാണ് നിലവില്‍ പ്രവേശനത്തിനുള്ള പ്രധാന തടസങ്ങള്‍.
