വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം സമാധാന കരാറിനായി യാചിക്കുകയാണെന്നും യുദ്ധത്തില്‍ അമേരിക്ക വിജയത്തിന്റെ പാതയിലാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. റിപ്പബ്ലിക്കന്‍ നാഷണല്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെ, ഇറാന്‍ നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ജനങ്ങളെയും അമേരിക്കയെയും ഭയപ്പെടുന്നത് കൊണ്ടാണ് അവര്‍ സമാധാന ആഗ്രഹം പുറത്തുപറയാത്തതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച താന്‍ ഇറാനിലും വന്‍ വിജയം കൈവരിക്കുകയാണെന്നും, തോല്‍വി സമ്മതിക്കുക അല്ലെങ്കില്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടുക എന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ട്രംപിന്റെ വാദങ്ങളെ തള്ളിയ ഇറാന്‍, യുദ്ധത്തിന്റെ 26-ാം ദിവസം ഇസ്രായേലിലെയും പശ്ചിമേഷ്യയിലെയും അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അതിശക്തമായ ആക്രമണം തുടരുകയാണ്. ഹൈഫ, ഡിമോണ എന്നിവയുള്‍പ്പെടെ 70ലധികം കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായും ജോര്‍ദാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് ബേസുകളെ ലക്ഷ്യമിട്ടതായും ഇറാന്‍ സൈന്യം അറിയിച്ചു. ചബഹാറിന് മുകളില്‍ വെച്ച് അമേരിക്കയുടെ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായും യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിന് സ്ഥാനം മാറേണ്ടി വന്നതായും ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ വിമാനം തകര്‍ന്നു എന്ന വാദം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചു.

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോള എണ്ണ വിതരണത്തില്‍ തടസമുണ്ടായതോടെ ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുകയാണ്. ഇത് പരിഹരിക്കാന്‍ അമേരിക്ക തങ്ങളുടെ തന്ത്രപ്രധാനമായ എണ്ണ ശേഖരത്തില്‍ നിന്ന് ഇന്ധനം പുറത്തുവിട്ടു. നിലവില്‍ രണ്ടായിരം കപ്പലുകള്‍ ഹോര്‍മൂസില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇത് ആഗോള സാമ്പത്തിക രംഗത്തെ തകര്‍ക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. അതിനിടെ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി അപ്രായോഗികമെന്ന് പറഞ്ഞ് തള്ളിയ ഇറാന്‍, യുദ്ധനഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള അഞ്ച് നിബന്ധനകളില്‍ ഉറച്ചുനില്‍ക്കുകയാണ്.
