Friday, March 27, 2026

കാനഡയിൽ വൻകുടൽ കാൻസർ കൂടുന്നു; പരിശോധനാപ്രായം കുറയ്‌ക്കണമെന്ന്‌ ആവശ്യം

ടൊറന്റോ: കാനഡയിലെ യുവാക്കൾക്കിടയിൽ വൻകുടൽ കാൻസർ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പതിവ് പരിശോധനകൾക്കായുള്ള പ്രായപരിധി കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധർ. നിലവിൽ 50 വയസ്സുമുതൽ ആരംഭിക്കുന്ന പരിശോധനകൾ 45 വയസ്സായി കുറയ്ക്കണമെന്നാണ് കനേഡിയൻ കാൻസർ സൊസൈറ്റിയും മറ്റ് ആരോഗ്യ സംഘടനകളും സർക്കാരിനോട് ശുപാർശ ചെയ്യുന്നത്. കനേഡിയൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച്, 50 വയസ്സിന് താഴെയുള്ളവരിൽ മുൻ തലമുറകളേക്കാൾ 2.5 മടങ്ങ് അധികമാണ് നിലവിലെ രോഗബാധയുടെ നിരക്ക്. കാനഡയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന നാലാമത്തെ കാൻസറും, ശ്വാസകോശ കാൻസർ കഴിഞ്ഞാൽ മരണകാരണമാകുന്ന രണ്ടാമത്തെ കാൻസറുമാണ് ഇത്. സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, ദീർഘനേരം ഇരുന്നുള്ള ജീവിതശൈലി എന്നിവയെല്ലാം കുടലിലെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണെന്ന്‌ പ്രിൻസസ് മാർഗരറ്റ് കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എൻറിക് സാൻസ് ഗാർസിയ ചൂണ്ടിക്കാട്ടി.

സാധാരണഗതിയിൽ FIT (Fecal Immunochemical Test) എന്ന ലളിതമായ മലപരിശോധനയിലൂടെയാണ് പരിശോധന തുടങ്ങുന്നത്‌. ഇതിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ മാത്രം കൊളോണോസ്കോപ്പി നടത്തും. കുടുംബത്തിൽ ആർക്കെങ്കിലും 50 വയസ്സിന് മുമ്പ് ഈ രോഗം വന്നിട്ടുണ്ടെങ്കിൽ, ബാക്കിയുള്ളവർ നേരത്തെ തന്നെ പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.രോഗബാധ വർധിക്കുന്നുണ്ടെങ്കിലും ചികിത്സാ രംഗത്തെ പുരോഗതി ആശ്വാസം നൽകുന്നതാണെന്ന് ഡോ. ഗാർസിയ പറഞ്ഞു. രോഗം ബാധിച്ചവരിൽ ഏകദേശം 67 ശതമാനം പേരും ജീവിതത്തിലേക്ക്‌ തിരിച്ചു നടക്കുന്നുണ്ട്‌. ശസ്ത്രക്രിയ, റേഡിയേഷൻ, ടാർഗറ്റഡ് തെറാപ്പികൾ എന്നിവയിലെ പുരോഗതിയും പതിവായ വ്യായാമവും രോഗമുക്തിക്ക് ഏറെ സഹായിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!