വാഷിങ്ടൺ: ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി സ്വവർഗാനുരാഗിയാണെന്ന് സി.ഐ.എ തനിക്ക് വിവരംനൽകിയതായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളൊന്നും നിരത്താതെയുള്ള ട്രംപിന്റെ പ്രസ്താവന. സി.ഐ.എ. ഇതുസംബന്ധിച്ച വിവരം നൽകിയെന്നും മറ്റ് സ്രോതസ്സുകളിൽനിന്നും തനിക്ക് ഇത്തരം വിവരങ്ങൾ ലഭിച്ചതായും ട്രംപ് സൂചിപ്പിച്ചു.
ഇറാനിൽ കർക്കശമായ നിയമങ്ങൾ നിലനിൽക്കേ പുതിയ നേതാവിന് ഇത് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മുജ്തബ ഖമേനിയുടെ പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന അന്തരിച്ച ആയത്തുള്ള അലി ഖമനയിക്കും മകന്റെ ഈ സ്വഭാവത്തിൽ ആശങ്കയുണ്ടായിരുന്നതായും ഇതാണ് മുജ്തബയുടെ നേതൃത്വത്തെക്കുറിച്ച് അദ്ദേഹം സംശയിക്കാൻ കാരണമായതെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാനിലെ ഇസ്ലാമിക ശിക്ഷാ നിയമപ്രകാരം സ്വവർഗാനുരാഗം വധശിക്ഷവരെ ലഭിക്കാവുന്ന വലിയ കുറ്റകൃത്യമാണ്.

മുൻപ് മത്സരിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥികളേക്കാൾ കൂടുതൽ സ്വവർഗാനുരാഗികളുടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തന്റെ പ്രചാരണ പരിപാടികളിൽ അവർക്കായി പ്രത്യേക ഗാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബ ഖമേനി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ആക്രമണത്തിൽ മുജ്തബ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും നിലവിൽ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയാണ് അദ്ദേഹം.
