Saturday, March 28, 2026

എൻഡിപി നേതൃമാറ്റം: ഊർജ്ജ നയത്തിൽ ഭിന്നത; അന്തിമ പോരാട്ടത്തിലേക്ക്‌ സ്ഥാനാർത്ഥികൾ

വിനിപെഗ്: എൻഡിപി നേതൃസ്ഥാനത്തേക്കുള്ള പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ശനിയാഴ്ച രാവിലെ വിനിപെഗിൽ നടന്ന കൺവെൻഷനിൽ സ്ഥാനാർത്ഥികൾ തങ്ങളുടെ അവസാനവട്ടവാദങ്ങൾ ഉയർത്തി. ഏകദേശം ഒരു ലക്ഷത്തോളം പാർട്ടി അംഗങ്ങളാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്. പ്രശസ്ത സിനിമാ പ്രവർത്തകനും സ്ഥാനാർത്ഥിയുമായ അവി ലൂയിസ് കടുത്ത പരിസ്ഥിതി നയങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഫോസിൽ ഇന്ധനങ്ങൾ ലോകത്തെ സാമ്പത്തികമായും കാലാവസ്ഥാപരമായും അസ്ഥിരപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എണ്ണ-വാതക മേഖലയിൽ നിന്നുള്ള പെട്ടെന്നുള്ള പിന്മാറ്റമാണ് അദ്ദേഹം പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്ന വാഗ്ദാനം. എഡ്മിന്റണിൽ നിന്നുള്ള എംപി ഹീതർ മക്ഫേഴ്സൺ കൂടുതൽ പ്രായോഗികമായ നിലപാടാണ് സ്വീകരിക്കുന്നത്. അവി ലൂയിസിന്റെ തീവ്രമായ പരിസ്ഥിതി നയങ്ങൾ ആൽബർട്ട, സസ്കാച്വാൻ തുടങ്ങിയ പ്രവിശ്യകളിലെ എൻഡിപി ഘടകങ്ങൾക്ക് തിരിച്ചടിയാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും അവർ ശക്തമായി വാദിക്കുന്നു.

ആൽബർട്ട എൻഡിപി നേതാവ് നഹീദ് നെൻഷി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഊർജ്ജ നയത്തിൽ പൈപ്പ്‌ലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇത് ഫെഡറൽ തലത്തിൽ മത്സരിക്കുന്ന അവി ലൂയിസിന്റെ നിലപാടുകൾക്ക് നേരെ വിരുദ്ധമാണ്. എന്നിരുന്നാലും, ഭിന്നതകൾക്കിടയിലും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പാർട്ടി പ്രതിനിധികൾ പരസ്‌പരം പ്രത്യാശ പ്രകടിപ്പിച്ചു. റാങ്ക്ഡ് ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിൽ 50 ശതമാനത്തിലധികം പിന്തുണ നേടുന്ന ആദ്യ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കപ്പെടും. വോട്ടെടുപ്പ് ശനിയാഴ്ച വൈകുന്നേരത്തോടെ അവസാനിക്കും. പുതിയ എൻഡിപി നേതാവിനെ ഞായറാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!