ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ശതകോടീശ്വരൻ ഇലോൺ മസ്ക് പങ്കെടുത്തെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ. മാർച്ച് 24ന് നടന്ന ചർച്ചയിൽ ഇരു നേതാക്കളും മാത്രമാണ് പങ്കെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് മോദിയെ വിളിച്ചപ്പോൾ ഇലോൺ മസ്കും ഒപ്പമുണ്ടായിരുന്നുവെന്ന് ‘ന്യൂയോർക്ക് ടൈംസ്’ ആണ് റിപ്പോർട്ട് ചെയ്തത്. ഒരു സ്വകാര്യ വ്യക്തി രാഷ്ട്രത്തലവന്മാർ തമ്മിലുള്ള നിർണ്ണായക ചർച്ചയിൽ പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.

ഫെബ്രുവരി 28-ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമായിരുന്നു ഇത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും യുദ്ധം ലഘൂകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ആഗോള വിപണിയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തുറന്നും സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചാണ് ചർച്ചയിൽ ധാരണയായത്. ഇറാനിലെ ആണവനിലയങ്ങൾക്കും സ്റ്റീൽ പ്ലാന്റുകൾക്കും നേരെ കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ ഏപ്രിൽ 6 വരെയാണ് ട്രംപ് ഇറാനു സമയം നൽകിയിരിക്കുന്നത്.
