ടെഹ്റാൻ: മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കുട്ടികളടക്കം 175 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് യുഎസ് നേവി ഉദ്യോഗസ്ഥരെ പരസ്യമായി കുറ്റപ്പെടുത്തി ഇറാൻ. യുഎസ്എസ് സ്പ്രൂവൻസിലെ കമാൻഡിങ് ഓഫീസർ ലെയ് ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാൻ ആരോപിച്ചു. വിവിധ രാജ്യങ്ങളിലെ ഇറാൻ എംബസികൾ ഇവരുടെ ചിത്രങ്ങൾ പങ്കുവെക്കുകയും ഇവരെ കുറ്റവാളികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഗേൾസ് സ്കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. എന്നാൽ, കാലഹരണപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിച്ചതിലുണ്ടായ പിഴവായിരിക്കാം ദുരന്തത്തിന് കാരണമെന്ന് യുഎസ് സൈനിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലക്ഷ്യം തിരിച്ചറിയുന്നതിൽ വന്ന പാളിച്ചയാണ് സ്കൂളിന് നേരെ മിസൈൽ പതിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സമീപത്തുള്ള സൈനിക കേന്ദ്രത്തിന് പകരം തെറ്റായ മാപ്പിങ് കാരണം സ്കൂൾ ആക്രമിക്കപ്പെട്ടതാകാമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാറില്ലെന്ന് വാഷിങ്ടൺ ആവർത്തിക്കുമ്പോഴും, കൃത്യമായ പരിശോധനകൾ കൂടാതെ എങ്ങനെ ആക്രമണം നടന്നുവെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ വാദപ്രതിവാദങ്ങൾ മുറുകുകയാണ്.
