പാലക്കാട്: കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ സന്ദേശമുണ്ടാകുമെന്നും ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വഞ്ചനയിൽ അകപ്പെട്ട കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും ഇത് ‘മോദിയുടെ ഗ്യാരന്റി’ ആണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കാലത്തെ എല്ലാ അഴിമതികളെയും കുംഭകോണങ്ങളെയും കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇരു മുന്നണികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസും സിപിഎമ്മും പരസ്പരം ബിജെപിയുടെ ‘ബി ടീം’ എന്ന് വിളിക്കുകയാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ‘എ ടീം’ ആയി ആരെങ്കിലും ഉണ്ടെങ്കിൽ അത് ബിജെപി മാത്രമാണെന്ന് ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ യുവാക്കൾ തൊഴിൽ തേടി നാടുവിടുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടെ യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും സംസ്ഥാന സർക്കാർ തുടങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൃത്യമായി നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൽപാത്തി ക്ഷേത്രത്തെയും ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരെയും പ്രണാമം അർപ്പിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പാലക്കാടിന്റെ പ്രകൃതിഭംഗിയെയും പ്രതിഭകളെയും അദ്ദേഹം പ്രശംസിച്ചു.
