ഓട്ടവ : കുതിച്ചുയരുന്ന ജീവിതച്ചെലവിൽ ആശ്വാസമായി അടുത്ത HST/GST പേയ്മെൻ്റ് ഏപ്രിൽ രണ്ടു മുതൽ അക്കൗണ്ടിലെത്തുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. നികുതി രഹിത ത്രൈമാസ പേയ്മെൻ്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി), കുറഞ്ഞ അല്ലെങ്കിൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ളതാണ്. യോഗ്യരായ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പുതുക്കിയ തുക ലഭിക്കും. മറ്റുള്ളവർക്കുള്ള ചെക്കുകൾ തപാൽ വഴി ലഭിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു.

മുൻ നികുതി വർഷത്തെ (2024) അടിസ്ഥാനമാക്കി 2025 ജൂലൈ 4 മുതൽ GST പേയ്മെൻ്റ് തുക വർധിപ്പിച്ചിട്ടുണ്ട്. അവിവാഹിതർക്ക് 533 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും184 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുകയെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. ജൂലൈ 4 (2% വർധന പ്രാബല്യത്തിൽ വരും), ഒക്ടോബർ 3, 2027 ജനുവരി 5 എന്നിവയാണ് അടുത്ത GST പേയ്മെൻ്റ് തീയതികൾ.
