ടൊറൻ്റോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി കാനഡയിൽ വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി. കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററും ടൊറന്റോ, വൻകൂവർ തുടങ്ങിയ ആതിഥേയ നഗരങ്ങളിലെ പൊലീസ് സേനയും സംയുക്തമായാണ് ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ലോകകപ്പ് മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ, യാത്രാ സൗകര്യങ്ങൾ, താമസം എന്നിവയ്ക്കുള്ള വലിയ ഡിമാൻഡ് മുതലെടുത്ത് തട്ടിപ്പുകാർ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യാജ ടിക്കറ്റ് വിൽപ്പന, ഹ്രസ്വകാല വാടക താമസസൗകര്യങ്ങളിലെ ചതികുഴികൾ, ഗുണനിലവാരമില്ലാത്ത വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം എന്നിവയുൾപ്പെടെയുള്ള വിവിധ തട്ടിപ്പുകളെക്കുറിച്ച് നിലവിൽ നിരീക്ഷണം നടത്തിവരികയാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

താമസസ്ഥലങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ മുഴുവൻ തുകയോ വലിയൊരു തുകയോ മുൻകൂറായി ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ പ്രധാന ലക്ഷണമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.ടിക്കറ്റുകൾ ഔദ്യോഗിക ഫിഫ സ്രോതസ്സുകളിൽ നിന്ന് മാത്രം വാങ്ങണമെന്നും താമസസൗകര്യങ്ങൾ ഒന്നിലധികം മാർഗങ്ങളിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദ്ദേശിച്ചു. ജൂൺ 11-ന് ആരംഭിക്കുന്ന 48 ടീമുകൾ പങ്കെടുക്കുന്ന ഈ ഫുട്ബോൾ മാമാങ്കത്തിൽ കാനഡയിൽ മാത്രം 13 മത്സരങ്ങളാണ് നടക്കുന്നത്. ഇതിൽ ആറെണ്ണം ടൊറന്റോയിലും ഏഴെണ്ണം വൻകൂവറിലുമാണ് അരങ്ങേറുന്നത്. സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും സന്ദർശകരും താമസക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
