Monday, March 30, 2026

ICE കരാറുകാർക്ക് കനേഡിയൻ ബാങ്കുകൾ നൽകിയത് കോടികൾ; റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ പ്രമുഖ ബാങ്കുകളും പൊതു പെൻഷൻ ഫണ്ടുകളും യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റുമായി (ICE) കരാറുകളുള്ള അമേരിക്കൻ കമ്പനികൾക്ക് വൻതോതിൽ സാമ്പത്തിക സഹായം നൽകുന്നതായി റിപ്പോർട്ട്. യു എസിലെ കുടിയേറ്റ വിരുദ്ധ നടപടികൾക്കും കൂട്ട നാടുകടത്തലുകൾക്കും നേതൃത്വം നൽകുന്ന ഏജൻസിയാണ് ICE. പരിസ്ഥിതി-മനുഷ്യാവകാശ സംഘടനയായ ‘സ്റ്റാൻഡ് ഡോട്ട് എർത്ത്’ (Stand.earth) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. കനേഡിയൻ ധനകാര്യ സ്ഥാപനങ്ങൾ വിവിധ നിക്ഷേപങ്ങളിലൂടെയും വായ്പകളിലൂടെയും ബോണ്ടുകളിലൂടെയുമായി ഏകദേശം 3500 കോടി യുഎസ് ഡോളറാണ് ഈ കമ്പനികൾക്ക് നൽകിയിട്ടുള്ളത്.

അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ, എൽ.എസ്.ഇ.ജി എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പത്തിക വിവരങ്ങൾ വിശകലനം ചെയ്താണ് സംഘടന ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വ്യക്തികളെ നിരീക്ഷിക്കാനും നാടുകടത്താനും ഐസിനെ സഹായിക്കുന്ന സാങ്കേതികവിദ്യ നൽകുന്ന പാലന്റിർ (Palantir), പ്രമുഖ പ്രതിരോധ കരാറുകാരായ ജനറൽ ഡൈനാമിക്സ്, എൽ-ത്രീ ഹാരിസ്, ഐ.ടി സ്ഥാപനമായ സി.എ.സി.ഐ (CACI), ടെലികോം ഭീമനായ എ.ടി ആൻഡ് ടി തുടങ്ങിയ കമ്പനികളാണ് ഈ നിക്ഷേപങ്ങളുടെ പ്രധാന ഗുണഭോക്താക്കൾ. തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കോർ സിവിക്, ജിയോ ഗ്രൂപ്പ് എന്നീ കമ്പനികൾക്കും ഇതിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്.

കാനഡയിലെ കോർപ്പറേറ്റ് സാമ്പത്തിക ധാർമ്മികതയെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ കണ്ടെത്തൽ ഉയർത്തുന്നത്. അമേരിക്കയിൽ നിലനിൽക്കുന്ന അതിർത്തി നിയന്ത്രണങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും കനേഡിയൻ പൗരന്മാരുടെ അധ്വാനശീലവും പെൻഷൻ സമ്പാദ്യവും വിനിയോഗിക്കപ്പെടുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് സ്റ്റാൻഡ് ഡോട്ട് എർത്തിന്റെ ഫിനാൻസ് ഡയറക്ടർ റിച്ചാർഡ് ബ്രൂക്സ് വ്യക്തമാക്കി. കാനഡയിലെ പ്രധാന ബാങ്കുകളായ ടി.ഡി, ആർ.ബി.സി, സ്കോഷ്യബാങ്ക്, സി.ഐ.ബി.സി, ബി.എം.ഒ എന്നിവയെല്ലാം ചേർന്ന് 2020 മുതൽ ഇത്തരം കമ്പനികൾക്ക് വായ്പകളായും ബോണ്ടുകളായും 2300 കോടിയിലധികം ഡോളർ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വിഷയം കാനഡയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. കനേഡിയൻ പൊതു ഫണ്ടുകൾ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉപയോഗിക്കുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് എൻ.ഡി.പി എം.പി ജെന്നി ക്വാൻ പ്രതികരിച്ചു. പൊതു പെൻഷനുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നിക്ഷേപ നയങ്ങളിൽ പുനരവലോകനം വേണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ബാങ്കുകളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും നിക്ഷേപ തീരുമാനങ്ങൾ അതാത് സ്ഥാപനങ്ങളുടെ ചുമതലയാണെന്നുമാണ് ഫെഡറൽ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ന്റെ ഓഫീസിൽ നിന്നുള്ള വിശദീകരണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!