ചെന്നൈ: ഐപിഎൽ 2026 ആദ്യ മത്സരത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന് സി.എസ്.കെ സി. ഇ. ഒ കാശി വിശ്വനാഥൻ സ്ഥിരീകരിച്ചു. രാജസ്ഥാൻ റോയൽസുമായുള്ള ട്രേഡ് ഡീലിലൂടെയാണ് സഞ്ജു ഈ സീസണിൽ ചെന്നൈ പാളയത്തിലെത്തിയത്. എം.എസ് ധോണിയുടെ അഭാവത്തിലാണ് സഞ്ജു ഗ്ലൗസ് അണിയുന്നതെന്നും സീസണിലെ ആദ്യ മത്സരങ്ങളിൽ എം.എസ് ധോണി കളിക്കില്ലെന്നും സി.ഇ.ഒ വ്യക്തമാക്കി. ധോണി പൂർണ്ണ കായികക്ഷമത കൈവരിക്കുന്നത് വരെ സഞ്ജു സാംസൺ ആയിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പർ. ധോണിയുടെ പിൻഗാമിയായാണ് സി.എസ്.കെ മാനേജ്‌മെന്റ് സഞ്ജുവിനെ കാണുന്നതെന്നും ടീമിന്റെ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപമാണ് സഞ്ജു എന്നും കാശി വിശ്വനാഥൻ പറഞ്ഞു.

റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ നയിക്കുമ്പോൾ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നാണ് മാനേജ്‌മെൻ്റ് വിലയിരുത്തുന്നത്. എം.എസ് ധോണി കളിക്കാത്ത സാഹചര്യത്തിൽ സഞ്ജു സാംസൺ തന്നെയായിരിക്കും വിക്കറ്റ് കീപ്പറെന്നും സഞ്ജു നിലവിൽ മികച്ച ഫോമിലാണെന്നും നെറ്റ്‌സിലും അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നും കാശി വിശ്വനാഥൻ പറഞ്ഞു. സി.എസ്.കെ പ്രതീക്ഷിക്കുന്ന ഇംപാക്ട് നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. സഞ്ജുവിൽ വലിയ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജുവിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന സഞ്ജു സാംസൺ ചെന്നൈ ജേഴ്‌സിയിൽ ധോണിയുടെ റോളിൽ എത്തുന്നത് ആരാധകർക്കിടയിൽ ആവേശം വലുതാക്കിയിട്ടുണ്ട്. റോയൽസിനെതിരെ തന്നെയാണ് ചെന്നൈയുടെ ആദ്യ മത്സരം എന്നതും വലിയ ചർച്ചയായിട്ടുണ്ട്.
