ന്യൂഡൽഹി: രാജ്യത്ത് പടർന്നുപിടിക്കുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ആദ്യമായി വാക്സിൻ വരുന്നു. ജാപ്പനീസ് കമ്പനിയായ ‘റ്റേകഡ’ വികസിപ്പിച്ച ‘ക്യു ഡെങ്ക’ (QDenga) എന്ന വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യാൻ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ വാക്സിൻ ആശുപത്രികളിൽ ലഭ്യമാകും.
4 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർക്കാണ് ഈ വാക്സിൻ നൽകുക. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായി ഇത് സ്വീകരിക്കണം. ഡെങ്കിപ്പനി ഒരിക്കൽ വന്നവർക്കും വരാത്തവർക്കും ഈ വാക്സിൻ ഒരുപോലെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലായി 28,000 പേരിലാണ് ഇതിന്റെ പരീക്ഷണം നടത്തിയത്.

നിലവിൽ ലോകത്തെ 41 രാജ്യങ്ങളിൽ ഈ വാക്സിൻ ഉപയോഗിക്കുന്നുണ്ട്. ‘ക്യു ഡെങ്ക’യ്ക്ക് പുറമെ, ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ‘ഡെങ്കി ഓൾ’ (DengiAll) എന്ന വാക്സിനും പരീക്ഷണ ഘട്ടത്തിലാണ്. ഇത് 2027-ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ മാത്രമാണ് ഡെങ്കിപ്പനി തടയാനുള്ള ഏക വഴി. വാക്സിൻ എത്തുന്നതോടെ ഡെങ്കി മൂലമുള്ള മരണനിരക്കും ആശുപത്രിവാസവും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
