ബ്രാംപ്ടൺ: മിൽട്ടൺ സെന്റ് മാത്യൂസ് മാർത്തോമ്മാ ഇടവകയുടെ കീഴിലുള്ള ബ്രാംപ്ടൺ സാറ്റലൈറ്റ് സർവീസിന്റെ സഹവികാരിയായി സേവനമനുഷ്ഠിച്ചിരുന്ന റവ. റെജി ഐസക് അച്ചനും കുടുംബത്തിനുമായി ഹൃദ്യമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. മാർച്ച് 22-ന് നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷമാണ് യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ഇടവകയുടെ വളർച്ചയിൽ അച്ചൻ നൽകിയ സ്തുത്യർഹമായ സേവനങ്ങളെയും ആത്മീയ നേതൃത്വത്തെയും യോഗം കൃതജ്ഞതയോടെ സ്മരിച്ചു. ഇടവകാംഗങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ ചടങ്ങിൽ അച്ചന്റെയും കുടും ബത്തിന്റെയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ മംഗളങ്ങളും നേർന്നു. സഭയോടുള്ള അച്ചന്റെ അചഞ്ചലമായ പ്രതിബദ്ധതയും കരുതലും എന്നും ഓമ്മിക്കപ്പെടുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇടവകയുടെ വിവിധ കർമ്മപദ്ധതികൾക്ക് ഊർജ്ജസ്വലമായ നേതൃത്വം നൽകിയ അച്ചന്റെ പ്രവർത്തനശൈലി ഏവർക്കും മാതൃകയായിരുന്നു. പുതിയ ശുശ്രൂഷാ മേഖലകളിലേക്ക് പ്രവേശിക്കുന്ന അച്ചനും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ഇടവക പ്രാർത്ഥിക്കുന്നതായും അംഗങ്ങൾ പറഞ്ഞു.
