ഓട്ടവ: യാത്രാ നിയമങ്ങൾ ലംഘിച്ചതിനും യാത്രക്കാർക്ക് അർഹമായ റീഫണ്ട് നൽകുന്നതിൽ വീഴ്ച വരുത്തിയതിനും കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡയ്ക്ക് വൻ തുക പിഴ. കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസി (CTA) 4,26,000 ഡോളറാണ്പിഴ ചുമത്തിയത്. 2025 ഓഗസ്റ്റിൽ വിമാന ജീവനക്കാർ നടത്തിയ സമരത്തെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകാനോ മറ്റൊരു വിമാനത്തിൽ യാത്ര ഒരുക്കുന്നതിനോ എയർ കാനഡ തയ്യാറായില്ല എന്ന് കണ്ടെത്തി. എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് (APPR) പ്രകാരം 71 ലംഘനങ്ങളാണ് കമ്പനി നടത്തിയത്. സമരം പോലുള്ള നിയന്ത്രണാതീതമായ കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് സൗജന്യമായി മറ്റൊരു വിമാനത്തിൽ ടിക്കറ്റ് നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യേണ്ടത് നിർബന്ധമാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡന്റുമാർ നടത്തിയ സമരം കാനഡയിലുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ശമ്പള വർധനയും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടായിരുന്നു സമരം. പിഴ തുക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ഏപ്രിൽ 18 വരെ എയർ കാനഡയ്ക്ക് സമയമുണ്ട്. അതേസമയം, വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വന്ന വലിയ വീഴ്ചയായാണ് കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസി വിലയിരുത്തുന്നത്. നിലവിൽ എയർ കാനഡയിലെ ജീവനക്കാരുടെ ശമ്പള തർക്കം ആർബിട്രേഷനിലൂടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. 2029 മാർച്ച് വരെ നീളുന്ന പുതിയ കരാർ പ്രകാരം ജീവനക്കാർക്ക് ശമ്പള വർധനവ് ഉറപ്പാക്കിയിട്ടുണ്ട്.
