ഓട്ടവ: ഇസ്രയേൽ ലബനനിൽ നടത്തുന്ന അധിനിവേശത്തെ കാനഡ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി. ഇസ്രയേലിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘർഷം രൂക്ഷമാവുകയും ഇസ്രയേൽ സൈന്യം ലബനന്റെ ഉൾപ്രദേശങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിസ്ബുള്ളയെ നിരോധിച്ചുകൊണ്ടും അവരുടെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടും ലബനൻ സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാർണി ചൂണ്ടിക്കാട്ടി. ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുക എന്ന ഇസ്രയേലിന്റെ ലക്ഷ്യത്തോട് ലബനൻ സർക്കാരും യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. കെബെക്കിലെ വെയ്ക്ക്ഫീൽഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടതോടെയാണ് മിഡിൽ ഈസ്റ്റിൽ യുദ്ധം വ്യാപിച്ചത്. ഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. നിലവിൽ യുദ്ധം രൂക്ഷമായതോടെ ലക്ഷക്കണക്കിന് ലബനൻ സ്വദേശികൾ അഭയാർത്ഥികളായി മാറിയിരിക്കുകയാണ്. ഒഴിഞ്ഞുപോകാനുള്ള ഉത്തരവുകൾ വന്നതോടെ പല ഗ്രാമങ്ങളും അയൽപക്കങ്ങളും വിജനമായിക്കഴിഞ്ഞു.
