കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, രഞ്ജിത്ത് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.
സിനിമാ ലൊക്കേഷനില്‍ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയില്‍ വെച്ചാണ് ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് പൊലീസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മുന്‍പ് ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നെങ്കിലും ആ കേസുകളില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എന്നാല്‍ നിലവിലെ കേസില്‍ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചതാണ് ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.
