മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 95 രൂപ എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞു. തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിന് 95.20 രൂപ എന്ന നിലവാരത്തിലേക്കാണ് രൂപ കൂപ്പുകുത്തിയത്. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതും വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതുമാണ് രൂപയെ ഇത്രയധികം സമ്മര്‍ദത്തിലാക്കിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനിടെ മാത്രം രൂപയുടെ മൂല്യത്തില്‍ 4.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ നേരിയ ആശ്വാസം പ്രകടമായതോടെ 94.78 എന്ന നിലവാരത്തിലാണ് വിനിമയം അവസാനിച്ചത്.
രൂപയുടെ തകര്‍ച്ച തടയാന്‍ ബാങ്കുകള്‍ ഡോളര്‍ കൈവശം വെക്കുന്ന പരിധിയില്‍ റിസര്‍വ് ബാങ്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കുകളുടെ പ്രതിദിന ഡോളര്‍ നീക്കിയിരിപ്പ് 10 കോടി ഡോളറിന് താഴെയാക്കാനാണ് ആര്.ബി.ഐ. നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ ബാങ്കുകളുടെ മൂലധനത്തിന്റെ 25 ശതമാനം വരെ ഇത്തരത്തില്‍ സൂക്ഷിക്കാമായിരുന്നു. ഊഹക്കച്ചവടക്കാരെ നിയന്ത്രിക്കാനും വിനിമയ വിപണിയിലെ അസ്വാഭാവിക ഇടപെടലുകള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഈ നടപടി നടപ്പിലാക്കാന്‍ ഏപ്രില്‍ 10 വരെയാണ് ബാങ്കുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്.

എന്നാല്‍ ആര്.ബി.ഐയുടെ ഈ പെട്ടെന്നുള്ള നീക്കം ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള ഡോളര്‍ ശേഖരം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിക്കേണ്ടി വരുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബാങ്കുകളുടെ വാദം. നിലവിലെ സാഹചര്യം മുതലെടുത്ത് ചില വന്‍കിട കമ്പനികള്‍ വിപണിയില്‍ ഇടപെടുന്നത് രൂപയുടെ അസാധാരണമായ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ ആര്.ബി.ഐ നടപടിയുടെ ഫലമായി രൂപയുടെ മൂല്യം 93.59 വരെ ഉയര്‍ന്നെങ്കിലും പിന്നീട് സമ്മര്‍ദത്തിന് വഴങ്ങി താഴേക്ക് പോവുകയായിരുന്നു. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബാങ്കുകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും ആര്.ബി.ഐ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.
