ടെഹ്റാൻ: ഇറാന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ തുടർന്നാൽ ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ്. വധശ്രമങ്ങളിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്ന 18 കമ്പനികളുടെ പട്ടിക ഇറാൻ പുറത്തുവിട്ടു. ഏപ്രിൽ ഒന്ന് ബുധനാഴ്ച രാത്രി എട്ട് മണി മുതൽ ഈ കമ്പനികളുടെ യൂണിറ്റുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി. ജീവനക്കാർ സ്വന്തം ജീവൻ രക്ഷിക്കാനായി ഉടൻ ജോലിസ്ഥലം വിടണമെന്നും റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ഇറാനിലെ പ്രമുഖ നേതാക്കളെ കണ്ടെത്തുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഈ ടെക് ഭീമന്മാർ സഹായിക്കുന്നുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു. ഇന്റൽ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ടെസ്ല, എൻവിഡിയ തുടങ്ങിയ ആഗോള കമ്പനികളും ഇറാന്റെ പട്ടികയിലുണ്ട്. ഭീകരപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുചേരുന്ന കമ്പനികൾ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി, റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂർ എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ മേധാവി അലി ലാരിജാനി അടക്കം നിരവധി പ്രമുഖരെയും ഇറാന് നഷ്ടമായി. പ്രമുഖ നേതാക്കളുടെ വധം ഇറാന് വലിയ തിരിച്ചടിയാണെന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുമ്പോഴും, ഇത്തരം പ്രതിസന്ധികളിൽ നിന്ന് കരകയറാനുള്ള ഇറാന്റെ ശേഷിയെയാണ് ഈ പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
