വിനിപെഗ്: കാനഡയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന ആവശ്യത്തിന് പൗരന്മാർക്കിടയിൽ വലിയ പിന്തുണ ലഭിക്കുന്നതായി റിപ്പോർട്ട്. 2025 അവസാനത്തോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയതിന് പിന്നാലെയാണ് കാനഡയിലും ഇത്തരമൊരു ചർച്ച ശക്തമായത്. ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 75 ശതമാനം കാനഡക്കാരും ഈ നിരോധനത്തെ അനുകൂലിക്കുന്നു. 16 വയസ്സുവരെയുള്ള നിരോധനം ഉചിതമായ തീരുമാനമാണെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്ററായ റോക്സാൻ ടെട്രോൾ അഭിപ്രായപ്പെട്ടു.
തന്റെ പന്ത്രണ്ടാം വയസ്സു മുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മകൾ മൈലീൻ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചും സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചും റോക്സാൻ പറഞ്ഞു. 20 വയസ്സുകാരിയായ ഇസബെല്ല ഫോമരത്തും സമാനമായ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾക്കും അപരിചിതരായ പുരുഷന്മാരുടെ ശല്യത്തിനും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിനും താൻ ഇരയായിട്ടുണ്ടെന്നും ഓസ്ട്രേലിയയുടെ ഈ പുതിയ നിയമം സ്വാഗതാർഹമാണെന്നും ഇസബെല്ല പറഞ്ഞു.

എന്നാൽ, ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് സ്വയം തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം നൽകണമെന്ന അഭിപ്രായമുള്ളവരും മാനിറ്റോബയിലുണ്ട്. ചില കുട്ടികൾക്ക് 16 വയസ്സിന് താഴെയാണെങ്കിലും ഇത്തരം സാങ്കേതികവിദ്യകൾ പക്വതയോടെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് മൂന്ന് പെൺകുട്ടികളുടെ പിതാവായ മാർക്ക് സ്റ്റൈനിഞ്ചർ പറയുന്നു. എങ്കിലും ഓൺലൈൻ ലോകത്തെ ചതിക്കുഴികളെയും കുട്ടികളെ ലക്ഷ്യം വെക്കുന്ന സാമൂഹിക വിരുദ്ധരെയും അദ്ദേഹം ഭയപ്പെടുന്നുണ്ട്. അനുഭവസമ്പത്തില്ലാത്ത കുട്ടികളെ സോഷ്യൽ മീഡിയ വഴി സ്വാധീനിക്കാൻ എളുപ്പമാണെന്നത് വലിയൊരു വെല്ലുവിളിയായി തുടരുകയാണ്.
