Thursday, April 2, 2026

ഹോര്‍മുസില്‍ ഇറാന്റെ ടോള്‍; യുഎസ്-ഇസ്രയേലി കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്മേല്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പിക്കാന്‍ ഇറാന്‍. സുപ്രധാന ഊര്‍ജ്ജ ഇടനാഴിയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ചുമത്താനുളള പുതിയ പദ്ധതിക്ക് ഇറാന്‍ പാര്‍ലമെന്ററി സുരക്ഷാ സമിതി അംഗീകാരം നല്‍കി. അമേരിക്കന്‍, ഇസ്രയേലി കപ്പലുകള്‍ക്ക് ജലപാതയിലൂടെയുള്ള സഞ്ചാരം നിരോധിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍, കപ്പല്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍, പരിസ്ഥിതി സംരക്ഷണ നടപടികള്‍ എന്നിവ നടപ്പിലാക്കും. യുഎസ്, ഇസ്രായേല്‍ കപ്പലുകള്‍ക്ക് പുറമേ, ഇറാനെതിരെ ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കും ഈ ജലപാതയിലൂടെ പ്രവേശനം ഉണ്ടായിരിക്കില്ല. ഹോര്‍മുസ് കടലിടുക്കില്‍ ഒമാനുമായി ചേര്‍ന്ന് പുതിയ നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കാനും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ യുഎസ്-ഇസ്രയേല്‍ സംയുക്ത സൈനിക നടപടിക്ക് പിന്നാലെ ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക് ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) കടലിടുക്ക് ഭാഗികമായി അടച്ചിട്ടിരുന്നു. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടത് ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്കും വിലവര്‍ദ്ധനവിനും കാരണമായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്‍പിജി ഇറക്കുമതിയുടെ 90 ശതമാനവും ഈ പാതയിലൂടെയായതിനാല്‍ രാജ്യത്ത് പാചകവാതക വിതരണത്തില്‍ വലിയ ക്ഷാമം നേരിട്ടിരുന്നു.

ഇത് സാധാരണക്കാരായ തെരുവ് കച്ചവടക്കാരെയും റെസ്റ്റോറന്റ് ഉടമകളെയും ഒരുപോലെ ബാധിച്ചു. എന്നാല്‍ ഹോര്‍മുസില്‍ കുടുങ്ങിക്കിടന്ന നന്ദാദേവി, ശിവാലിക് എന്നിവയുള്‍പ്പെടെയുള്ള എല്‍പിജി കപ്പലുകള്‍ക്ക് പിന്നീട് യാത്രാനുമതി ലഭിച്ചതോടെ ഇന്ത്യയിലെ പ്രതിസന്ധിക്ക് ആശ്വാസമായിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഈ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എത്തിച്ചേര്‍ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!