എഡ്മിന്‍റൻ : ആൽബർട്ട, സസ്കാച്വാൻ പ്രവിശ്യകളിൽ ഗോഫറുകൾ പെരുകുന്നത് തടയാൻ സ്ട്രിക്നൈൻ (strychnine) ഉപയോഗിക്കുന്നതിന് താൽക്കാലിക അനുമതി നൽകി ഫെഡറൽ സർക്കാർ. റിച്ചാർഡ്‌സൺ ഗ്രൗണ്ട് സ്ക്വിറലുകൾ കൃഷി നശിപ്പിക്കുന്നത് മൂലം കർഷകരെ സഹായിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ഫെഡറൽ ആരോഗ്യ-കാർഷിക മന്ത്രാലയം അറിയിച്ചു.

വിഷം ഉള്ളിൽ ചെന്ന് ചത്ത ജീവികളെ ഭക്ഷിക്കുന്ന മറ്റ് വന്യമൃഗങ്ങൾക്ക് ഭീഷണിയാകുമെന്ന് കണ്ടതിനെത്തുടർന്ന് 2024-ലാണ് സ്ട്രിക്നൈൻ ഉപയോഗം ഫെഡറൽ സർക്കാർ നിരോധിച്ചത്. എന്നാൽ, ഗോഫറുകൾ കൃഷി നശിപ്പിക്കുന്നത് വഴി ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും നിരോധനം പുനഃപരിശോധിക്കണമെന്നും പ്രെയറി പ്രവിശ്യകൾ ഹെൽത്ത് കാനഡയോട് ആവശ്യപ്പെടുകയായിരുന്നു.
ആദ്യം ഈ നിർദ്ദേശം തള്ളിയെങ്കിലും, പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള പ്രത്യേക മുൻകരുതലുകൾ ഉൾപ്പെടുത്തി പ്രവിശ്യകൾ പുതുക്കിയ അപേക്ഷ നൽകിയതോടെ ഹെൽത്ത് കാനഡ തീരുമാനം മാറ്റുകയായിരുന്നു. 2027 നവംബർ വരെയായിരിക്കും ഈ പ്രത്യേക അനുമതി നിലവിലുണ്ടാകുകയെന്ന് ആരോഗ്യ-കാർഷിക മന്ത്രാലയം വ്യക്തമാക്കി.
