ഓട്ടവ: കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാവും സാമൂഹിക പ്രവർത്തകനുമായ സ്റ്റീഫൻ ലൂയിസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഒന്റാരിയോയിലെ എൻഡിപി പാർട്ടിയുടെ മുൻ ലീഡറും ഐക്യരാഷ്ട്രസഭയിലെ കാനഡയുടെ മുൻ അംബാസഡറുമായിരുന്ന അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച ഫെഡറൽ എൻഡിപി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അവി ലൂയിസിന്റെ പിതാവാണ്. സ്റ്റീഫൻ ലൂയിസ് ഫൗണ്ടേഷൻ തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

കാനഡയുടെ അംബാസഡറായി നാല് വർഷം സേവനമനുഷ്ഠിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയിൽ നിർണ്ണായകമായ പല പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അന്നത്തെ സെക്രട്ടറി ജനറൽ കോഫി അന്നന്റെ പ്രത്യേക ഉപദേശകൻ, യൂണിസെഫ് ഡെപ്യൂട്ടി ഡയറക്ടർ, ആഫ്രിക്കയിലെ എച്ച്ഐവി-എയ്ഡ്സ് പ്രതിരോധത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. 2003-ൽ സ്റ്റീഫൻ ലൂയിസ് ഫൗണ്ടേഷൻ സ്ഥാപിച്ചു.
