വാഷിങ്ടണ്‍: ഇറാന് തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ച് കരാറിന് തയ്യാറായില്ലെങ്കില്‍ വരും ആഴ്ചകളിലും ശക്തമായ സൈനിക നടപടി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ഇറാന് വിഷയത്തില്‍ രാജ്യം സ്വീകരിക്കുന്ന നിര്‍ണായക നിലപാടുകള്‍ വിശദീകരിക്കാന്‍ ട്രംപ് ഇന്ന് വൈകുന്നേരം (അമേരിക്കന്‍ സമയം രാത്രി 9 മണിക്ക്) രാജ്യത്തെ അഭിസംബോധന ചെയ്യും. വരും ദിവസങ്ങള്‍ യുദ്ധത്തില്‍ അതീവ നിര്‍ണായകമാണെന്നും പശ്ചിമേഷ്യയില്‍ നിന്ന് സൈന്യത്തെ തല്ക്കാലം പിന്‍വലിക്കില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായി നിലവില്‍ ചര്‍ച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന്. അമേരിക്കയുടെ അജണ്ടയില്‍ നയതന്ത്രത്തിന് സ്ഥാനമില്ലെന്നും ഏത് തരത്തിലുള്ള കരയുദ്ധത്തെയും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫില്‍ നിന്ന് സന്ദേശം ലഭിച്ചതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചെങ്കിലും, അമേരിക്ക സമര്‍പ്പിച്ച 15 ഇന നിര്‍ദേശങ്ങള്‍ക്ക് ഇറാന് ഇതുവരെ അനുകൂല മറുപടി നല്‍കിയിട്ടില്ല. വെറും വെടിനിര്‍ത്തലല്ല, മറിച്ച് പശ്ചിമേഷ്യയില്‍ പൂര്‍ണമായ സമാധാനമാണ് വേണ്ടതെന്നും, തങ്ങളെ വീണ്ടും ആക്രമിക്കില്ലെന്ന ഉറപ്പ് വേണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.

യുദ്ധം ആഗോള തലത്തില്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ ചൈനയും പാകിസ്താനും ചേര്‍ന്ന് പ്രശ്നപരിഹാരത്തിനായി അഞ്ചിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ നിര്‍ദേശത്തിലുണ്ട്. റഷ്യയും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ മാര്‍പാപ്പ, ഏപ്രില്‍ 5 ഈസ്റ്ററിന് മുന്‍പ് സമാധാനപരമായ ഒരു പോംവഴി കണ്ടെത്താന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാര്ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറാനെ സൈനികമായി തളച്ചതോടെ ഇസ്രായേലിന് നേരിട്ടിരുന്ന പ്രധാന ഭീഷണി ഒഴിഞ്ഞതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. മേഖലയില്‍ ഇസ്രായേല്‍ ഒരു നിര്‍ണായക ശക്തിയായി മാറിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിനിടെ, പശ്ചിമേഷ്യയിലെ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് സംവിധാനങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയത് പുതിയൊരു പോര്‍മുഖം തുറന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. അമേരിക്കയില്‍ ട്രംപിന്റെ യുദ്ധനയത്തിനെതിരെ ആഭ്യന്തര പ്രതിഷേധവും ശക്തമാകുന്നുണ്ട്. ഇറാന് യുദ്ധം കാരണം ജീവിതച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതായി ഡെമോക്രാറ്റ് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
