ഓട്ടവ: റഷ്യൻ അധിനിവേശത്തെത്തുടർന്ന് കാനഡയിൽ അഭയം പ്രാപിച്ച യുക്രെയ്ൻ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നീട്ടുന്നതിനായി ഫെഡറൽ സർക്കാർ ഒരു വർഷം കൂടി സമയം അനുവദിച്ചു. 2024 മാർച്ച് 31-ന് മുമ്പ് കാനഡയിലെത്തിയ യുക്രെയ്ൻ പൗരന്മാർക്ക് തങ്ങളുടെ വർക്ക് പെർമിറ്റുകൾ മൂന്ന് വർഷം വരെ നീട്ടിക്കിട്ടുന്നതിനായി അടുത്ത വർഷം വരെ അപേക്ഷിക്കാവുന്നതാണ്. 2022-ൽ റഷ്യയുടെ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രെയ്ൻ പൗരന്മാർക്ക് ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനുമായി കനേഡിയൻ സർക്കാർ അടിയന്തര വീസാ സൗകര്യം ഒരുക്കിയിരുന്നു.

യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ കാനഡയിൽ ഇതിനകം സ്ഥിരതാമസമാക്കിയ യുക്രെയ്ൻ പൗരന്മാർ തങ്ങൾക്ക് പെർമനന്റ് റെസിഡൻസി (പി.ആർ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പുതിയ വർക്ക്, സ്റ്റഡി പെർമിറ്റുകൾക്ക് അപേക്ഷിക്കാനോ നിലവിലുള്ളവ മൂന്ന് വർഷത്തേക്ക് പുതുക്കാനോ ഈ വർഷം മാർച്ച് 31 വരെയാണ് സർക്കാർ നേരത്തെ സമയം നൽകിയിരുന്നത്. എന്നാൽ പുതുതായി പ്രഖ്യാപിച്ച ഇളവുകൾ താൽക്കാലികമാണെന്നും ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കി.
