ഓട്ടവ: കാനഡ വീസ അപേക്ഷകളിൽ വ്യാജരേഖകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഇമിഗ്രേഷൻ വകുപ്പ് . തട്ടിപ്പ് നടത്തുന്നവർക്കും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും അഞ്ച് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിയമപരമായ വിലക്ക് നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, അഭയ ക്ലെയിമുകൾ എന്നിവയ്ക്കായി വ്യാജരേഖകൾ നൽകുന്നവർക്ക് കാനഡയിൽ പ്രവേശിക്കുന്നതിനോ തുടരുന്നതിനോ ചുരുങ്ങിയത് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തും. വീസ വേഗത്തിലാക്കാമെന്നും അപേക്ഷയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാരെ വിശ്വസിക്കരുതെന്ന് ഐആർസിസി അറിയിച്ചു.

കുടിയേറ്റ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനാനുമതി വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവയിൽ സൂക്ഷ്മമായ പരിശോധന നടത്താനാണ് തീരുമാനം.
വഞ്ചനയ്ക്ക് സാധ്യതയുള്ള അപേക്ഷകൾ കണ്ടെത്തുന്നതിനായി പുതിയ സ്ഥിരീകരണ സംവിധാനം ഏർപ്പെടുത്തും. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരുടെ പട്ടിക കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ യഥാർത്ഥ രേഖകൾ മാത്രം സമർപ്പിക്കണമെന്നും അംഗീകൃതമല്ലാത്ത ഏജന്റുമാരുടെ ചതിക്കുഴികളിൽ വീഴരുതെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
