Wednesday, April 1, 2026

ട്രംപ് സർക്കാരിന് തിരിച്ചടി: കുടിയേറ്റക്കാരുടെ പദവി റദ്ദാക്കിയ നടപടി കോടതി തടഞ്ഞു

ബോസ്റ്റൺ: ബൈഡൻ ഭരണകൂടം കൊണ്ടുവന്ന ‘CBP One’ ആപ്പ് വഴി അമേരിക്കയിൽ പ്രവേശിച്ച ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ നിയമപരമായ പദവി റദ്ദാക്കിയ ട്രംപ് സർക്കാരിന്റെ നടപടി ഫെഡറൽ ജഡ്ജി റദ്ദാക്കി. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (DHS) അതിന്റെ അധികാരപരിധി മറികടന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് മസാച്യുസെറ്റ്സ് ഡിസ്ട്രിക്റ്റ് ജഡ്ജി അലിസൺ സ്കൈ ബോറോസ് വിധിന്യായത്തിൽ വ്യക്തമാക്കി.

ജോ ബൈഡൻ പ്രസിഡന്റായിരുന്ന സമയത്ത് അതിർത്തി നിയന്ത്രണത്തിന്റെ ഭാഗമായി ‘CBP One’ ആപ്പ് വഴി എത്തിയ 9 ലക്ഷത്തോളം പേർക്ക് രണ്ട് വർഷത്തേക്ക് അമേരിക്കയിൽ തുടരാനും ജോലി ചെയ്യാനും അനുമതി നൽകിയിരുന്നു. അധികരമേറ്റതിന് പിന്നാലെ ട്രംപ് ഭരണകൂടം ഈ പരോൾ റദ്ദാക്കുകയും ഇവർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇമെയിലുകൾ അയക്കുകയും ചെയ്തു. ജോലി അനുമതിയും പിൻവലിച്ചു.

ഒരു ബട്ടൺ അമർത്തുന്നത് പോലെ എളുപ്പത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ നിയമപരമായ പദവി ഇല്ലാതാക്കാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഏജൻസിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഈ നടപടി ഉണ്ടായതെന്നും കോടതി കണ്ടെത്തി. വെനിസ്വേലൻ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ ഹർജിയിലാണ് ഈ വിധി. ഇതോടെ പദവി നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ നിയമപരമായ സ്റ്റാറ്റസും ജോലി ചെയ്യാനുള്ള അനുമതിയും തിരികെ ലഭിക്കും.

കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപ് സർക്കാരിന്റെ നീക്കങ്ങൾക്ക് ഈ വിധി വലിയൊരു തടസ്സമാണ്. എങ്കിലും ഈ ആശ്വാസം താൽക്കാലികമായിരിക്കാം. പലരുടെയും പരോൾ കാലാവധി രണ്ട് വർഷം മാത്രമായതിനാൽ, വരും മാസങ്ങളിൽ വീണ്ടും നിയമപോരാട്ടങ്ങൾ ഉണ്ടായേക്കാം. വിധിക്കെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകാൻ സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!