വിനിപെഗ് : തൊഴിലാളികൾക്ക് ആശ്വാസമായി മിനിമം വേതനം വർധിപ്പിക്കാൻ ഒരുങ്ങി മാനിറ്റോബ സർക്കാർ. ഒക്ടോബർ 1 മുതൽ പ്രവിശ്യാ മിനിമം വേതനം 40 സെൻ്റ് വർധിപ്പിച്ച് 16 ഡോളറിൽ നിന്ന് 16.40 ഡോളറായി ഉയരുമെന്ന് മാനിറ്റോബ സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രവിശ്യാ മിനിമം വേതനം വർഷം തോറും നവീകരിക്കുകയും എംപ്ലോയ്‌മെൻ്റ് സ്റ്റാൻഡേർഡ്സ് കോഡ് വഴി നിയന്ത്രിക്കുകയും ചെയ്യുന്നു.

അതേസമയം നിലവിലെ വേതന വർധന തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് മാനിറ്റോബ ഫെഡറേഷൻ ഓഫ് ലേബർ (എംഎഫ്എൽ) പറയുന്നു. ഉയരുന്ന ജീവിതച്ചെലവിനൊപ്പം തൊഴിലാളികൾക്ക് മണിക്കൂറിൽ 19.77 ഡോളർ ലഭിക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് അനുകൂലമായ വലിയ മിനിമം വേതന വർധന നടപ്പിലാക്കുന്നതിന് നിലവിലെ നിയമം പൊളിച്ചെഴുതണമെന്ന് MFL പ്രസിഡൻ്റ് കെവിൻ റെബെക്ക് വാബ് കിന്യൂ സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻ കലണ്ടർ വർഷത്തെ പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ട് മുൻ പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ പ്രവിശ്യാ നിയമത്തിൽ നിശ്ചയിച്ച ഫോർമുലയ്ക്ക് അനുസരിച്ചാണ് നിലവിൽ മിനിമം വേതന വർധന നടപ്പിലാക്കുന്നത്. എന്നാൽ, ഇതിനുപകരം മിനിമം വേതന തൊഴിലാളികളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താൻ പ്രവിശ്യാ സർക്കാർ സ്വന്തം പദ്ധതി സൃഷ്ടിക്കണമെന്ന് കെവിൻ റെബെക്ക് ആവശ്യപ്പെടുന്നു.
