ഫ്ലോറിഡ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ദൗത്യത്തിന് തുടക്കമായി. ബുധനാഴ്ച കേപ് കാനവെറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘവുമായി ആർട്ടെമിസ് II (Artemis II) പേടകം കുതിച്ചുയർന്നു. 32 നില കെട്ടിടത്തിന്റെ ഉയരമുള്ള സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലായിരുന്നു വിക്ഷേപണം. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ആദ്യ യാത്ര കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഫ്ലോറിഡയിലെ തീരങ്ങളിൽ ഒത്തുകൂടിയത്.
റീഡ് വൈസ്മാൻ കമാൻഡറായ ദൗത്യത്തിൽ ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോക്ക്, വിക്ടർ ഗ്ലോവർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇതോടെ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീനയും, ആദ്യ കറുത്തവർഗ്ഗക്കാരനായി വിക്ടറും, ആദ്യ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി ജെറമിയും ചരിത്രം കുറിച്ചു. വിക്ഷേപണത്തിന് മുന്നോടിയായി ഇന്ധന ചോർച്ചയും ബാറ്ററി താപനിലയിലെ വ്യതിയാനവും ആശങ്കയുണ്ടാക്കിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാൻ നാസയ്ക്ക് സാധിച്ചു.

ചന്ദ്രനിൽ ഇറങ്ങാതെ അതിനെ ചുറ്റിക്കറങ്ങി തിരികെ വരുന്ന പത്ത് ദിവസത്തെ ദൗത്യമാണിത്. ഭൂമിയിൽ നിന്ന് ഇതുവരെ മനുഷ്യർ സഞ്ചരിക്കാത്ത അത്രയും ദൂരത്തേക്ക് (ചന്ദ്രന് 6,400 കിലോമീറ്റർ അപ്പുറം വരെ) ഈ സംഘം എത്തും. 2028-ൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ വലിയ പദ്ധതിയുടെ ആദ്യ പടിയാണിത്. ദൗത്യത്തിന് ആശംസകളുമായി ബ്രിട്ടനിലെ ചാൾസ് രാജാവ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. ഭാവിയുടെ പുതിയ പര്യവേഷണ യുഗത്തിന് ഇതോടെ തുടക്കമായെന്ന് നാസ അറിയിച്ചു.
