Wednesday, April 1, 2026

തൊഴിലാളിക്ക് ആശ്വാസം: ഒക്ടോബർ 1 മുതൽ ഒന്റാരിയോയിൽ മിനിമം വേതന വർധന

ടൊറൻ്റോ: ഒന്റാരിയോയിൽ ഒക്ടോബർ ഒന്ന് മുതൽ മിനിമം വേതനം മണിക്കൂറിന് 17.95 ഡോളറായി വർധിപ്പിക്കും. ഒന്റാരിയോ കൺസ്യൂമർ പ്രൈസ് ഇൻഡക്സിനെ അടിസ്ഥാനമാക്കി വർഷം തോറും പ്രവിശ്യാ സർക്കാർ നടത്തുന്ന വേതന പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ നടപടി. നിലവിൽ 17.60 ഡോളറാണ് മിനിമം വേതനം. പുതിയ വർധന നടപ്പിലാകുന്നതോടെ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന ഒരാൾക്ക് വർഷത്തിൽ ശരാശരി 728 ഡോളറിന്റെ അധിക വരുമാനം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഈ വർധനവോടെ രാജ്യത്തെ ഏറ്റവും ഉയർന്ന മിനിമം വേതനം നൽകുന്ന പ്രവിശ്യകളിൽ ഒന്നായി ഒന്റാരിയോ മാറുമെന്ന് തൊഴിൽ മന്ത്രി ഡേവിഡ് പിച്ചിനി പറഞ്ഞു.

അതേസമയം, ഒന്റാരിയോ ലിവിങ് വേജ് നെറ്റ്‌വർക്കിന്റെ റിപ്പോർട്ട് പ്രകാരം അടിസ്ഥാന ജീവിതച്ചെലവുകൾ നിറവേറ്റാൻ ഒരാൾക്ക് ലഭിക്കേണ്ട തുക ഇപ്പോഴത്തെ മിനിമം വേതനത്തേക്കാൾ ഏറെ കൂടുതലാണ്. രാജ്യ തലസ്ഥാനമായ ഓട്ടവയിൽ ജീവിക്കാൻ ഒരു തൊഴിലാളിക്ക് മണിക്കൂറിന് കുറഞ്ഞത് 23.40 ഡോളറെങ്കിലും ലഭിക്കേണ്ടതുണ്ട്. ജീവിതച്ചെലവ് മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ടെങ്കിലും മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ഓട്ടവയിലെ വർധന താരതമ്യേന കുറവാണ്. മിനിമം വേതനം വർധിപ്പിച്ചാലും ഒന്റാരിയോയിൽ ഒരിടത്തും ഈ തുക കൊണ്ട് മാത്രം ജീവിതച്ചെലവ് കണ്ടെത്താൻ സാധിക്കില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വാടക നിരക്കുകളിൽ ചെറിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് സാധാരണക്കാർക്ക് പൂർണ്ണമായി പ്രയോജനപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!