മൂംബൈ: ആഗോള വിപണികളുടെ ആവേശം ഏറ്റെടുത്ത് ഇന്ത്യന്‍ വിപണി ഇന്നു മികച്ച മുന്നേറ്റം നടത്തി. രാവിലെ രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകള്‍ പിന്നീടു നേട്ടം മൂന്നു ശതമാനത്തിനടുത്താക്കി. വിശാലവിപണി കൂടുതല്‍ ഉയര്‍ന്നു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ മൂന്നര ശതമാനത്തിലധികം കയറി.
ഭാവിയില്‍ ആക്രമണം ഉണ്ടാകാതിരിക്കാന്‍ ഗാരന്റികള്‍ ലഭിച്ചാല്‍ യുദ്ധവിരാമത്തിനു തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞതായി യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് അറിയിച്ചു. യുദ്ധം തീരും എന്ന പ്രതീക്ഷ ഇതോടെ ശക്തമായി.

യു എസ് വിപണികളില്‍ രേഖപ്പെടുത്തിയത് 4 ശതമാനം കയറ്റമാണ്. പോയ ഒരു വര്‍ഷത്തെ മികച്ച പ്രകടനമാണ് അമേരിക്കന്‍ വിപണിയിലുണ്ടായത്. ഡൗ ജോണ്‍സ് 1,125.37 പോയിന്റ് ഉയര്‍ന്ന് 46,341ല്‍ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 184.80വും നാസ്ഡാക് 795.55 പോയിന്റും കയറി. ഏഷ്യന്‍ വിപണികളില്‍ ജപ്പാന്റെ നിക്കൈ, ദക്ഷിണ കൊറിയന്‍ കോസ്പി അഞ്ച് ശതമാനം വരെ ഉയര്‍ന്ന് വ്യാപാരം ആരംഭിച്ചു. ചൈനീസ് ഹോങ്കോങ് വിപണികളും നേട്ടത്തിലാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്നു. ഡോളര്‍ സൂചിക താഴ്ന്നതും ആര്‍ബിഐ ഇടപെടലും രൂപയ്ക്ക് തുണയായി. ലോകവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4686 ഡോളറിലേക്കു കയറി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1440 രൂപ വര്‍ധിച്ച് 1,11,080 രൂപയായി. സ്വര്‍ണം, വെള്ളി ഇടിഎഫുകള്‍ ഇന്ന് നാലു ശതമാനത്തോളം നേട്ടത്തിലായി.
ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 105.52 ഡോളറിലാണ്. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യയും രാവിലെ താഴ്ന്നു.
