ഓട്ടവ : ഉയരുന്ന ജീവിതച്ചെലവിനൊപ്പം ജനജീവിതം ദുസ്സഹമാക്കി കാനഡയിൽ ഇന്ധനവില വർധന തുടർക്കഥയാകുന്നു. ഇന്നലെ രാത്രി കാനഡയിലുടനീളം പെട്രോൾ-ഡീസൽ വില കുതിച്ചുയർന്നതായി കനേഡിയൻ ഫ്യൂവൽസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് കാരൾ മോൺട്രൂയിൽ പറഞ്ഞു. ഇറാനിലെ യുദ്ധം കാനഡയിൽ മാത്രമല്ല, ആഗോളതലത്തിലും ഇന്ധന വില വർധനയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.

കാനഡയിലെ പല പ്രവിശ്യകളിലും ഇന്ധനവില ഇപ്പോൾ ലിറ്ററിന് 1.90 ഡോളറിന് മുകളിലാണ്. വൻകൂവറിൽ ഇത് ലിറ്ററിന് രണ്ട് ഡോളറിന് മുകളിൽ എത്തിയതായി കാരൾ മോൺട്രൂയിൽ പറയുന്നു. മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളിൽ പെട്രോൾ-ഡീസൽ വില കുതിച്ചുയർന്നു. നോവസ്കോഷയിൽ പെട്രോൾ വില 7.1 സെൻ്റ് വർധിച്ചപ്പോൾ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ 8.2 സെൻ്റ് വർധനയാണ് രേഖപ്പെടുത്തിയത്. ഇരു പ്രവിശ്യകളിലും ഡീസൽ വിലയും വർധിച്ചിട്ടുണ്ട്. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഡീസൽ വില 13.8 സെൻ്റ് വർധിച്ച് ലിറ്ററിന് 256.3 സെൻ്റായി. നോവസ്കോഷയിൽ ഡീസൽ വില 10.9 സെൻ്റ് ഉയർന്ന് ലിറ്ററിന് 246.7 സെൻ്റുമായി.
