ഓട്ടവ: കാനഡയിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവിന്റെ മുൻ റൈഡിങ്ങായിരുന്ന കാർലെറ്റണിൽ നിന്നും മത്സരിക്കാനിരുന്ന ബ്ലെയർ ടേണർ പിന്മാറിയതായി റിപ്പോർട്ട്. ഓട്ടവയിലെ പൊലീസ് ഉദ്യോഗസ്ഥനായ ടേണർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓട്ടവ സൗത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സ്ഥാനാർത്ഥിത്വത്തിനായി കഴിഞ്ഞ ഫെബ്രുവരിയിൽ രംഗത്തെത്തിയ അദ്ദേഹം ഇപ്പോൾ അപ്രതീക്ഷിതമായാണ് മത്സരരംഗത്ത് നിന്ന് മാറുന്നതായി പ്രഖ്യാപിച്ചത്.
നീണ്ട 20 വർഷം കൈവശം വെച്ചിരുന്ന കാർലെറ്റൺ റൈഡിങ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൊളിയേവിന് നഷ്ടമായിരുന്നു. ഇതിനെത്തുടർന്ന് ആൽബർട്ടയിലെ മറ്റൊരു റൈഡിങ്ങിൽ നിന്നാണ് അദ്ദേഹം ബൈ-ഇലക്ഷനിലൂടെ ജയിച്ചുകയറിയത്. നിലവിൽ പിയേർ പൊളിയേവ് അടുത്ത തിരഞ്ഞെടുപ്പിൽ എവിടെ നിന്നാണ് ജനവിധി തേടുക എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ തീരുമാനമായിട്ടില്ല.

താൻ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയെങ്കിലും പിന്മാറാനുള്ള കൃത്യമായ കാരണം ബ്ലെയർ ടേണർ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പാർട്ടിക്കും പിയേർ പൊളിയേവിനും തന്റെ പൂർണ്ണ പിന്തുണ തുടരുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതോടെ കാർലെറ്റണിലെ കൺസർവേറ്റീവ് സ്ഥാനാർത്ഥി ആരാകുമെന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
