റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ കുസുംഭ ഗ്രാമത്തിൽ മകൻ്റെ അസുഖം മാറാൻ 13 വയസ്സുകാരിയെ നരബലി നൽകിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനിയായ ശാന്തി ദേവി, ഭീം റാം എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. രശ്മി ദേവിയുടെ ഇളയ മകന് ശാരീരിക, മാനസിക അസ്വാസ്‌ഥ്യങ്ങൾ ഉണ്ടായിരുന്നു.മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് രശ്മി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു. മകന്റെ അസുഖങ്ങൾ പൂർണമായും മാറണമെങ്കിൽ ഒരു കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി രശ്മിയെ വിശ്വസിപ്പിച്ചു. തുടർന്ന് മാർച്ച് 24ന് ദുർഗാഷ്ടമി രാത്രിയിൽ, ശാന്തി ദേവിയുടെ വീട്ടിൽ വച്ച് അമ്മയായ രശ്മിയും ഭീം റാമും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടു ത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം കുറ്റവാളികൾ പെൺകുട്ടിയുടെ ശരീരത്തിൽ മാരകമായി മുറിവേൽപ്പിക്കുകയും രക്തം ശേഖരിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം ഒരു തോട്ടത്തിൽ കുഴിച്ചിട്ടു. ഇത് ഒരു ബലാത്സംഗക്കൊലയാണെന്ന് വരുത്തിത്തീർത്ത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും ഇവർ ശ്രമിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇവരുടെ വാദങ്ങൾ കള്ളമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് നരബലിയുടെ ചുരുളഴിഞ്ഞത്.
