ദുബായ്: ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ടാക്സി സർവീസുകൾക്ക് ദുബായിൽ തുടക്കമായി. ദുബായ് റോഡ് ഗതാഗത അതോറിറ്റി ആണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഈ നൂതന സംവിധാനം അവതരിപ്പിച്ചത്. നഗരത്തിലെ രണ്ട് പ്രധാന മേഖലകളിലാണ് ആദ്യഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക. ഉമ്മു സുഖൈം (Umm Suqeim), ജുമൈറ (Jumeirah) എന്നിവിടങ്ങളിലാണ് നിലവിൽ ഡ്രൈവറില്ലാ ടാക്സികൾ ഓടിത്തുടങ്ങിയത്.

‘വിറൈഡ്’ (WeRide) ടാക്സികൾ ഊബർ (Uber) ആപ്പ് വഴിയും, ‘അപ്പോളോ ഗോ’ (Apollo Go) ടാക്സികൾ അവരുടേതായ പ്രത്യേക ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാം. ‘തവാസുൽ ട്രാൻസ്പോർട്ട്’ ആണ് ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ആദ്യ ഘട്ടത്തിൽ 100 ടാക്സികളാണ് നിരത്തിലിറങ്ങുന്നത്. വരും വർഷങ്ങളിൽ ഇതിന്റെ എണ്ണം വർദ്ധിപ്പിക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. നിർമിത ബുദ്ധി , അത്യാധുനിക സെൻസറുകൾ എന്നിവയുടെ സഹായത്തോടെയാണ് ഈ വാഹനങ്ങൾ പ്രവർത്തിക്കുന്നത്. കൃത്യമായ പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷമാണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച സെൽഫ്-ഡ്രൈവിങ് നഗരമായി ദുബായിയെ മാറ്റുക എന്നതാണ് ഈ പദ്ധതിയിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്. ഡ്രൈവറില്ലാത്ത ടാക്സികൾ വരുന്നതോടെ ഗതാഗത രംഗം കൂടുതൽ സുരക്ഷിതവും ലളിതവുമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
