Saturday, April 4, 2026

‘‘വോട്ട് ചോദിക്കാൻ എല്ലാവർക്കും അവകാശം’’; രമേഷ് പിഷാരടിക്ക് പിന്തുണ നൽകി എൽഡിഎഫ് സ്ഥാനാർഥി

പാലക്കാ‌ട്‌: വോട്ട് ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ അദ്ദേഹത്തിന് ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖ്. പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിനു ചേർന്നതല്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എതിർ സ്ഥാനാർഥികളോട് നമുക്ക് രാഷ്ട്രീയപരമായ എതിർപ്പും വിയോജിപ്പുമൊക്കെ കാണും. അതൊന്നും വ്യക്തിപരമായ എതിർപ്പോ വിദ്വേഷമോ അല്ലെന്നാണ് ഒരു പാലക്കാട്ടുകാരൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും എൻ.എം.ആർ റസാഖ് പറഞ്ഞു. ‘‘പാലക്കാടിന്റെ മണ്ണിൽ ഇങ്ങനത്തെ കാര്യങ്ങളൊന്നും നടക്കാറില്ല. പാലക്കാട്ടുകാരുടെ മനസ്സ് അങ്ങനെയല്ല. ഒരാൾ വന്ന് വോട്ട് ചോദിച്ചു പോകുമ്പോൾ കൂടെയുള്ളവരുടെ ആദർശം മാറിപോകില്ല. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാ സ്ഥാനാർഥികൾക്കുമുണ്ട്. അവർ‌ എല്ലായിടത്തും വന്ന് വോട്ട് ചോദിക്കട്ടെ. ഇമാതിരി എതിർപ്പും വിദേഷ്വവും അണികളിൽ വെറുപ്പുണ്ടാക്കും. അവർക്ക് അങ്ങനെ തോന്നിയാൽ നമ്മുടെ നാട് പിടിച്ചാൽ കിട്ടാത്ത രീതിയിലേക്ക് മാറും. ഈ തിരഞ്ഞെടുപ്പ് കഴിയുന്ന ദിവസം വരെ നമുക്ക് ഇങ്ങനെയുള്ള പക്ഷം പിടിക്കലുള്ളൂ. അതു കഴിഞ്ഞാൽ നമ്മൾ എല്ലാവരും ഒന്നാണ്. നമ്മളെല്ലാം അതിൽ നിന്നും മാറിനിൽക്കണം’’ – റസാഖ് പറഞ്ഞു.

വടക്കന്തറയിലെ അമ്പത്തിയൊന്നാം വാർഡിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് രമേശ് പിഷാരടിയെ ബിജെപി കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഇതോടെ ബിജെപി – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ പ്രചാരണം പൂർത്തിയാക്കാനാവാതെ സ്ഥാനാർഥി മടങ്ങി. യുഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനമാണ്‌ ആദ്യം ബിജെപി പ്രവർത്തകർ തടഞ്ഞതെന്ന്‌ നേതാക്കൾ പറഞ്ഞു. വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും പ്രചാരണം തടസപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് പിഷാരടി അവിടെ എത്തിയത്. ഈ സമയം സിന്ധുരാജന്റെ നേതൃത്വത്തിൽ ഇരുപതോളം ബിജെപി പ്രവർത്തകർ പിഷാരടിയെ തടയുകയായിരുന്നു. കൗൺസിലറുടെ വീട്ടിലേക്കല്ല വരുന്നതെന്നും ഇവിടെ മറ്റു വോട്ടർമാരെ കാണാനുണ്ടെന്നും പറഞ്ഞെങ്കിലും ബിജെപി കൗൺസിലർ സമ്മതിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!