ഓട്ടവ: ആദിമസമൂഹമായ ഗ്രാസി നാരോസിനെതിരെ മോശം പരാമർശം നടത്തിയ പ്രധാനമന്ത്രി മാർക്ക് കാർണി മാപ്പ് പറയണമെന്ന് കൺസർവേറ്റീവ് പാർട്ടി. തങ്ങളുടെ പ്രദേശത്തെ മെർക്കുറി വിഷബാധയെക്കുറിച്ച് പ്രതിഷേധിച്ച സ്ത്രീയോട്, അവരേക്കാൾ കൂടുതൽ കാലം തനിക്ക് നിലനിൽക്കാൻ കഴിയുമെന്ന് കാർണി പരിഹസിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ പെരുമാറ്റം അഹങ്കാരമാണെന്നും ജനങ്ങളുടെ നിരാശയെ പരിഹസിച്ച അദ്ദേഹം മാപ്പ് പറയണമെന്നും കൺസർവേറ്റീവ് എംപി ബില്ലി മോറിൻ ആവശ്യപ്പെട്ടു.
മെർക്കുറി വിഷബാധയേറ്റ ക്രിസ്സി ഐസക്സ് എന്ന സ്ത്രീയുടെ നേതൃത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ടൊറന്റോയിൽ പ്രതിഷേധം നടന്നിരുന്നു. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡും മാർക്ക് കാർണിയും പങ്കെടുത്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു ഇത്. 1960-70 കാലഘട്ടത്തിൽ ഡ്രൈഡൻ പേപ്പർ മില്ലിൽ നിന്ന് ടൺ കണക്കിന് മെർക്കുറി നദിയിലേക്ക് ഒഴുക്കിയതിനെത്തുടർന്ന് ഇന്നും ഈ സമൂഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഇവരുടെ ദുരിതത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഗൗരവം അറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചെങ്കിലും ഗ്രാസി നാരോസ്, വാബാസീമൂങ് എന്നി വിഭാഗങ്ങൾ ഇത് തള്ളി. പ്രധാനമന്ത്രിയുടെ വാക്കുകൾ തങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും പ്രീമിയറും തങ്ങളെ അവഗണിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
