ഓട്ടവ: പേപ്പർ മിൽ പ്രവർത്തനത്തിലൂടെ പ്രദേശത്തുള്ളവർക്ക് മെർക്കുറി വിഷബാധയേറ്റ സംഭവത്തിൽ പ്രതിഷേധിച്ച യുവതിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ച പ്രധാനമന്ത്രി മാർക്ക് കാർണി നേരിട്ടെത്തി മാപ്പ് പറയണമെന്ന് ഗ്രാസി നാരോസ്ഫസ്റ്റ് നേഷൻ ചീഫ് ഷെറി അക്കാബി. കഴിഞ്ഞ തിങ്കളാഴ്ച ടൊറന്റോയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയുണ്ടായ പരാമർശമാണ് വിവാദത്തിന് കാരണമായത്. ടൊറന്റോയിൽ ഭവന നിർമ്മാണ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ, ഗ്രാസി നാരോസ് സമൂഹത്തിൽ നിന്നുള്ള ക്രിസ്സി ഐസക്സ് എന്ന യുവതി പ്രതിഷേധവുമായി എത്തി. ഈ സമയത്ത്, എനിക്ക് അവളെക്കാൾ കൂടുതൽ നേരം ഇവിടെ നിൽക്കാൻ സാധിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞതാണ് ഗോത്രവർഗ്ഗ സമൂഹത്തെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നേരിട്ട് തങ്ങളുടെ പ്രദേശം സന്ദർശിക്കണമെന്നും മെർക്കുറി വിഷബാധയേറ്റവരോട് മാപ്പ് പറയണമെന്നും ചീഫ് ഷെറി അക്കാബി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തെക്കുറിച്ചും ഡ്രൈഡൻ പേപ്പർ മിൽ അടച്ചു പൂട്ടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ അദ്ദേഹം പ്രധാനമന്ത്രിയെ ക്ഷണിച്ചു. അതേ സമയം പ്രതിഷേധക്കാർ എന്താണ് പറയുന്നതെന്ന് പ്രധാനമന്ത്രിക്ക് വ്യക്തമായി കേൾക്കാൻ സാധിച്ചില്ലെന്നും, പിന്നീട് ഉദ്യോഗസ്ഥർ അവരുമായി സംസാരിച്ച് പരാതികൾ ബോധ്യപ്പെട്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.

1960-കളിലും 70-കളിലും ഡ്രൈഡൻ പേപ്പർ മിൽ ടൺ കണക്കിന് മെർക്കുറി പുഴയിലേക്ക് ഒഴുക്കിവിട്ടത് കാനഡയിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഗ്രാസി നാരോസിലെ 90 ശതമാനം ജനങ്ങളും മെർക്കുറി വിഷബാധ യുടെ ആഘാതം അനുഭവിക്കുന്നവരാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുഴയിലെ വിഷാംശം കുറയാത്തതും മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതുമാണ് പ്രതിഷേധങ്ങൾക്ക് കാരണം. പ്രതിപക്ഷ പാർട്ടികളായ കൺസർവേറ്റീവ് പാർട്ടിയും എൻഡിപിയും പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിക്കുകയും അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
