Friday, April 3, 2026

കള്ളനോട്ട് നിർമ്മാണവും വിതരണവും: മൺട്രിയോളിൽ നാല് പേർ അറസ്റ്റിൽ

മൺട്രിയോൾ : കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് നഗരത്തിൽ നിന്നും നാല് പേരെ അറസ്റ്റ് ചെയ്തതായി മൺട്രിയോൾ പൊലീസ് സർവീസ് (SPVM) അറിയിച്ചു. മൂന്ന് വ്യത്യസ്ത അന്വേഷണങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. കള്ളനോട്ടുകളിലെ ഹോളോഗ്രാഫിക് സ്റ്റിക്കറുകളിൽ നിന്നും ലഭിച്ച വിരലടയാളങ്ങളിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. സെൻ്റ്-ലിയോനാർഡിൽ മാർച്ച് 13 ന് നടത്തിയ റെയ്‌ഡിൽ 16,200 ഡോളറിന്‍റെ കള്ളനോട്ടുകൾ കണ്ടെത്തി പിടിച്ചെടുത്തു. 18 നും 22 നും ഇടയിൽ പ്രായമുള്ള പ്രതികൾ കള്ളനോട്ടുകൾ വിതരണം ചെയ്യുകയും സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ കള്ളനോട്ടുകൾ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഓൺലൈൻ വഴി വിൽപ്പനയ്ക്ക് വെച്ച സാധനങ്ങൾ പ്രതികൾ കള്ളനോട്ട് ഉപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോൺ നമ്പറുകളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികൾ ഒരേ സീരിയൽ നമ്പറുള്ള 100 ഡോളറിന്‍റെ കള്ളനോട്ടുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാർച്ച് 13 ന്, റിവിയേർ-ഡെസ്-പ്രൈറീസ്–പോയിൻ്റ്-ഓക്സ്-ട്രെംബിൾസിൽ നിന്ന് 18 വയസ്സുള്ള ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ മുപ്പതിലധികം തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തി. ഫെബ്രുവരി 26 ന്, അഹുൻസിക്-കാർട്ടിയർവില്ലയിലെ 20 വയസ്സുള്ള ഒരു പ്രതിയുടെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തുടർന്ന് അതേ ദിവസം തന്നെ അയാളെ അറസ്റ്റ് ചെയ്തു.

വ്യാജ നോട്ടുകൾ തിരിച്ചറിയാൻ നോട്ടിലെ സുരക്ഷാ ഫീച്ചറുകൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് ബാങ്ക് ഓഫ് കാനഡ നിർദ്ദേശിക്കുന്നു. പോളിമർ നോട്ടുകളിലെ ട്രാൻസ്പാര​ന്റ് വി​ൻഡോ, അതിലെ ലോഹനിർമ്മിതമായ ചിത്രങ്ങൾ, നോട്ടിലെ ഉയർന്നു നിൽക്കുന്ന മഷി എന്നിവ പരിശോധിക്കുന്നത് ഗുണകരമാകും. അബദ്ധവശാൽ ഒരു വ്യാജ നോട്ട് സ്വീകരിച്ചാൽ പിന്നീട് അതിന് പകരമായി ബാങ്കിൽ നിന്ന് പണം ലഭിക്കില്ലെന്നും, അത് ഉപയോഗിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. സംശയാസ്പദമായ നോട്ടുകൾ ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും നി‌ർദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!