മൺട്രിയോൾ: മൺട്രിയോളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രസമയം ലാഭിക്കുന്നതിനും ‘കാർപൂളിങ്’ (യാത്രക്കാർ വാഹനങ്ങൾ പങ്കിടുന്നത്) വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് യുകെ ആസ്ഥാനമായുള്ള മണിസൂപ്പർമാർക്കറ്റിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറയുകയാണെങ്കിൽ യാത്രസമയം ഗണ്യമായി ലാഭിക്കാൻ കഴിയുന്ന ലോകത്തെ മികച്ച അഞ്ച് നഗരങ്ങളിൽ ഒന്നായി മൺട്രിയോൾ തിരഞ്ഞെടുക്കപ്പെട്ടു.

ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നഗരങ്ങളിലെ ഗതാഗത വേഗത, യാത്രാ ദൂരം, തിരക്ക് എന്നിവ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. കൂടുതൽ ആളുകൾ കാർപൂളിങ് സംവിധാനം ഉപയോഗപ്പെടുത്തിയാൽ മൺട്രിയോളിലെ യാത്രക്കാർക്ക് ഓരോ യാത്രയിലും ശരാശരി 7.15 മിനിറ്റ് ലാഭിക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. ഈ പട്ടികയിൽ 19 മിനിറ്റ് ലാഭിക്കാൻ കഴിയുന്ന ലൊസാഞ്ചലസാണ് ഒന്നാം സ്ഥാനത്തുള്ളത്. സാൻ ഫ്രാൻസിസ്കോ, ടോക്കിയോ, റോട്ടർഡാം എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് നഗരങ്ങൾ.
നിരത്തുകളിൽ വാഹനങ്ങൾ കുറയുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും മലിനീകരണം തടയാനും സഹായിക്കുമെന്ന് ഇൻഷുറൻസ് വിദഗ്ധയായ അലീഷ്യ ഹെംപ്‌സ്റ്റഡ് അഭിപ്രായപ്പെട്ടു. വർധിച്ചുവരുന്ന ചെലവുകളും ദൈർഘ്യമേറിയ യാത്രകളും മൂലം ബുദ്ധിമുട്ടുന്ന ഡ്രൈവർമാർക്ക് കാർപൂളിങ് ഒരു ലളിതമായ പരിഹാരമാണെന്നും ഇത് സമയത്തിനൊപ്പം പണവും ലാഭിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.കാനഡയിലെ യാത്രാ ദൂരത്തിന്റെ കാര്യത്തിൽ മൺട്രിയോൾ നാലാം സ്ഥാനത്താണെന്നും പഠനം വെളിപ്പെടുത്തുന്നു.
