വാഷിങ്ടൺ: ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിലെ ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹരമായ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ തന്റെ ടാബ്ലെറ്റ് ക്യാമറയിൽ പകർത്തിയ രണ്ട് ചിത്രങ്ങളാണ് ഇവ. “നാം എത്ര ദൂരേക്ക് പോയാലും നമ്മൾ ഒരേയൊരു ലോകമാണ്” എന്ന സന്ദേശത്തോടെയാണ് ഹ്യൂസ്റ്റണിലെ മിഷൻ കൺട്രോൾ സെന്റർ ഈ ചിത്രങ്ങൾ പങ്കുവെച്ചത്.
ഭൂമിയെ മുഴുവനായി ഒരൊറ്റ ഫ്രെയിമിൽ കാണുന്നത് ശ്വാസം നിലച്ചുപോകുന്ന അനുഭവമാണെന്ന് മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്ക് പറഞ്ഞു. സൂര്യോദയവും അസ്തമയവും നോർത്തേൺ ലൈറ്റ്സ് പശ്ചാത്തലമായുള്ള ഭൂമിയുടെ ദൃശ്യം അവിസ്മരണീയമാണെന്ന് വൈസ്മാനും കൂട്ടിച്ചേർത്തു. പേടകത്തിനുള്ളിലെ ആദ്യത്തെ ഗ്രൂപ്പ് ലഞ്ച് പോലും മാറ്റിവെച്ചാണ് നാല് സഞ്ചാരികളും ജനാലയിലൂടെയുള്ള ഈ വിസ്മയ കാഴ്ചയിൽ മുഴുകിയത്. കാഴ്ചകൾ കണ്ട് പേടകത്തിന്റെ ജനാലകളിൽ അഴുക്കുപുരണ്ടതായും അത് വൃത്തിയാക്കാൻ മാർഗ്ഗമുണ്ടോ എന്ന് തമാശയോടെ വൈസ്മാൻ ചോദിച്ചതായും റിപ്പോർട്ടുണ്ട്.

ഭൂമിയുടെ ഇരുണ്ട വശത്ത് ചന്ദ്രപ്രകാശം പതിക്കുന്ന കാഴ്ച അതിമനോഹരമാണെന്ന് കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസെൻ പറഞ്ഞു. ഓരോ നിമിഷവും ക്യാമറയിൽ പകർത്താനുള്ള തിരക്കിലാണ് സംഘം. ഭൂമിയുടെ ഈ മനോഹര ദൃശ്യങ്ങൾ കണ്ടതോടെ ചന്ദ്രന്റെ അടുത്ത ദൃശ്യങ്ങൾ കാണാനുള്ള ആകാംക്ഷ വർദ്ധിച്ചതായി സഞ്ചാരികൾ വ്യക്തമാക്കി. മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് കാലുകുത്തുന്ന ദൗത്യത്തിന്റെ ആവേശം ഈ ചിത്രങ്ങൾ ഇരട്ടിയാക്കുന്നു.
