ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്തിയാൽ വെടിവയ്ക്കാൻ നിർദേശിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി. സ്ക്രോളിലൂടെയാണ് ഈ സന്ദേശം ജനങ്ങളിലേക്ക് ടി. വി. ചാനൽ കൈമാറിയത്. വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികനെ രക്ഷപ്പെടുത്തിയതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ രണ്ടാമത്തെ പൈലറ്റിനെ ഇറാൻ തടവിലാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇറാന്റെ വ്യോമാതിർത്തിയിൽ വെച്ചാണ് അമേരിക്കയുടെ എഫ്-15ഇ (F-15E) യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടത്. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ഇറാന്റെ പടിഞ്ഞാറൻ ഭാഗത്താണ് വിമാനം തകർന്നു വീണത്. പൈലറ്റുമാരെ കണ്ടെ ത്തുന്നവർക്ക് വൻ പ്രതിഫലം നൽകുമെന്ന് ഇറാനിയൻ ടെലിവിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ പൈലറ്റുമാരെ പിടികൂടാനുള്ള തിരച്ചിലിൽ പങ്കുചേരണമെന്നാണ് ടെലി വിഷൻ അവതാരകർ ജനങ്ങളോട് ആവശ്യപ്പെട്ടത്. തങ്ങളുടെ വ്യോമപ്രതിരോധ സംവി ധാനം ഉപയോഗിച്ചാണ് യുഎസ് വിമാനം വെടിവച്ചിട്ടതെന്നാണ് ഇറാൻ പറയുന്നത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണമായും തകർത്തുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശ വാദങ്ങൾക്കിടെയാണ് പുതിയ വഴിത്തിരിവ്.
