തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കാന്‍ ഇനി നാല് നാള്‍ മാത്രം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രണ്ടാംഘട്ട പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. കണ്ണൂര്‍ ധര്‍മടത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം.
ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എന്‍ഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കും.

രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് എറണാകുളം, ഇടുക്കി ജില്ലകളിലും പരിപാടികളുണ്ട്. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ് പ്രചരണം. നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി രാഹുല്‍ എല്‍ഡിഎഫിനെ കടന്നാക്രമിച്ചിരുന്നു. ഇന്ധനപ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനേയും രാഹുല്‍ കടന്നാക്രമിച്ചിരുന്നു.
സാദിഖലി തങ്ങള്‍ കാസര്‍കോട് ജില്ലയിലും ഷാഫി പറമ്പിലിന്റെ റോഡ് ഷോ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡല പര്യടനവും തുടരും. 12 കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാകും. ബൃന്ദ കാരാട്ട് കണ്ണൂരിലും പ്രകാശ് കാരാട്ട് കോഴിക്കോട് ജില്ലയിലും പ്രചരണം നടത്തും.
