വൻകൂവർ : കഴിഞ്ഞ മാസം ബ്രിട്ടിഷ് കൊളംബിയയുടെ വടക്കൻ തീരത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഏകദേശം 8,000 ലിറ്റർ ഡീസൽ ചോർന്നതായി പ്രവിശ്യാ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. “ഏകദേശം 7,949 ലിറ്റർ” ഡീസലാണ് ചോർന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് മാർച്ച് 16 ന് പ്രിൻസ് റൂപർട്ടിന് ഏകദേശം 15 കിലോമീറ്റർ അകലെ പോർട്ട് എഡ്വേർഡിന് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. സംഭവത്തിനിടെ ഒരു ലോക്കോമോട്ടീവ് പാളം തെറ്റിയതായും ഇതിൽ നിന്നും ഡീസൽ ചോർന്നതായും മന്ത്രാലയത്തിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആകെ ഒമ്പത് ട്രെയിൻ ബോഗികൾ പാളം തെറ്റിയതിൽ അഞ്ചെണ്ണം വീണ്ടെടുത്തിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്.

സംഭവത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. എന്നാൽ, മണ്ണിടിച്ചിലിനെയും പാളം തെറ്റലിനെയും തുടർന്ന് വൻകൂവറിനും മൺട്രിയോളിനും ശേഷം കാനഡയിലെ മൂന്നാമത്തെ ഏറ്റവും തിരക്കേറിയ തുറമുഖമായ പ്രിൻസ് റൂപർട്ട് തുറമുഖത്തേക്കും തിരിച്ചുമുള്ള റെയിൽ സർവീസ് തടസ്സപ്പെട്ടിരുന്നു. നാല് ദിവസം നീണ്ടു നിന്ന ഈ തടസ്സം തുറമുഖത്തെ ഏകദേശം 1,000 തൊഴിലാളികളെ ബാധിച്ചതായി പ്രിൻസ് റൂപർട്ട് മേയർ ഹെർബ് പോണ്ട് പറയുന്നു.
