ബീജിങ്: വളർത്തുമൃഗങ്ങൾക്കായി പ്രത്യേകം സ്ട്രീമിങ് ചാനൽ പുറത്തിറക്കി ചൈനയിലെ പ്രമുഖ ടെക് ഭീമനായ ടെൻസെന്റ് (Tencent). ഉടമസ്ഥർ ജോലിക്ക് പോകുന്ന സമയത്ത് വീട്ടിൽ ഒറ്റയ്ക്കാകുന്ന പൂച്ചകൾക്കും നായ്ക്കൾക്കും കൂട്ടിനായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന “PetTV” ആരംഭിച്ചത്. താറാവുകൾ നീന്തുന്നതും നായ്ക്കൾ പാർക്കിൽ കളിക്കുന്നതുമൊക്കെയാണ് ഈ ചാനലിലെ പ്രധാന കാഴ്ചകൾ.
മനുഷ്യരെപ്പോലെയല്ല മൃഗങ്ങൾ ദൃശ്യങ്ങൾ കാണുന്നതും ശബ്ദം കേൾക്കുന്നതും. അതിനാൽ അവരുടെ പ്രത്യേക ശാരീരിക സവിശേഷതകൾക്കനുസരിച്ചുള്ള നിറങ്ങളും ശബ്ദതരംഗങ്ങളുമാണ് ചാനലിൽ ക്രമീകരിച്ചിരിക്കുന്നത്. ചൈനയിലെ ഭൂരിഭാഗം ഉടമസ്ഥരും തങ്ങൾ പുറത്തുപോകുമ്പോൾ വളർത്തുമൃഗങ്ങൾക്കായി ടിവി ഓൺ ചെയ്തിടാറുണ്ടെന്ന കണ്ടെത്തലാണ് ഇത്തരമൊരു വേറിട്ട പരീക്ഷണത്തിന് കമ്പനിയെ പ്രേരിപ്പിച്ചത്.

ചൈനയിലെ വളർത്തുമൃഗ വിപണി വൻ വളർച്ചയിലാണ്. 2028-ഓടെ ഇത് ഏകദേശം 5,900 കോടി ഡോളറിന്റെ മൂല്യമുള്ളതായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ പണമടച്ച് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് ലഭ്യമാകുന്ന ഈ സേവനത്തിൽ അമേരിക്കയിലെ പ്രശസ്തമായ ‘ഡോഗ് ടിവി’യിലെ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഉല്ലാസത്തിനായി ടെക്നോളജി ഉപയോഗിക്കുന്ന ഈ രീതി വലിയ താൽപ്പര്യമാണ് ചൈനയിൽ സൃഷ്ടിച്ചിരിക്കുന്നത്.
