കൊച്ചി: തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി പി.വി.യുടെ പേര് വോട്ടിങ് യന്ത്രത്തിൽ ‘അഞ്ജലി നായർ’ എന്നാക്കി മാറ്റണമെന്ന അപേക്ഷ വരണാധികാരി തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയ ഇതിനകം ആരംഭിച്ച സാഹചര്യത്തിൽ സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ ഈ വിഷയത്തിൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥാനാർഥി വരണാധികാരിക്ക് മുന്നിൽ ഹാജരായിരുന്നുവെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.
പേരുമാറ്റം അനുവദിക്കാത്തതിന് വ്യക്തമായ കാരണങ്ങളാണ് വരണാധികാരി നിരത്തുന്നത്. മാർച്ച് 28-ന് നടന്ന കരട് ബാലറ്റ് പരിശോധനയിൽ സ്ഥാനാർഥിയോ പ്രതിനിധികളോ എതിർപ്പ് അറിയിച്ചിരുന്നില്ല. എന്നാൽ വോട്ടിങ് പ്രക്രിയ ആരംഭിച്ച് മാർച്ച് 31-ന് മാത്രമാണ് സ്ഥാനാർഥി രേഖാമൂലം അപേക്ഷ നൽകിയത്. നിലവിൽ ഹോം വോട്ടിങ്ങും പോസ്റ്റൽ ബാലറ്റ് നടപടികളും പുരോഗമിക്കുന്നതിനാൽ ഈ ഘട്ടത്തിൽ മാറ്റം വരുത്തുന്നത് ഭരണപരമായ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

പേരുമാറ്റം അനുവദിച്ചാൽ ഏപ്രിൽ 9-ന് നിശ്ചയിച്ചിട്ടുള്ള വോട്ടിങ് തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വരണാധികാരി അറിയിച്ചു. ബാലറ്റ് പേപ്പറുകൾ തിരികെ വിളിക്കുന്നതും വോട്ടിങ് യന്ത്രങ്ങൾ പുനഃക്രമീകരിക്കുന്നതും അസാധ്യമാണ്. വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും ഉള്ളതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും, അഞ്ജലി എന്ന പേരിൽ മറ്റ് സ്ഥാനാർഥികൾ മണ്ഡലത്തിൽ ഇല്ലെന്നും ഉത്തരവിൽ പറയുന്നു. അഞ്ജലി പി.വി. എന്ന പേരിൽ തന്നെയാകും ഇനി വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥി അറിയപ്പെടുക.
