ടൊറന്റോ: ലോകകപ്പിൽ നിന്ന് ഇറ്റലി പുറത്തായതിന് പിന്നാലെ, ഇറ്റാലിയൻ-കാനഡ ആരാധകരെ കാനഡയുടെ ദേശീയ ടീമിനൊപ്പം അണിനിരത്താൻ പുതിയ നീക്കവുമായി കാനഡ സോക്കർ. ടൊറന്റോയിലെ ലിറ്റിൽ ഇറ്റലി മേഖലയിലുള്ള ‘കഫേ ഡിപ്ലോമാറ്റിക്കോ’യ്ക്ക് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആരാധകരാണ് പങ്കെടുത്തത്. ഇറ്റലി ലോകകപ്പിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ, കാനഡയിൽ താമസിക്കുന്ന ഇറ്റാലിയൻ വംശജരുടെ പിന്തുണ കാനഡയുടെ ദേശീയ ടീമിന് ഉറപ്പാക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സാധാരണ ‘ജേഴ്സി സ്വാപ്പ്’ എന്നാൽ പഴയ ജേഴ്സി നൽകി പുതിയത് വാങ്ങുന്ന രീതിയാണ്. എന്നാൽ, തങ്ങളുടെ പൈതൃകമായ ഇറ്റാലിയൻ ജേഴ്സി തിരികെ വാങ്ങാതെ തന്നെ കാനഡയുടെ ജേഴ്സി സൗജന്യമായി നൽകാൻ സംഘാടകർ തീരുമാനിച്ചത് ആരാധകരെ വിസ്മയിപ്പിച്ചു.”നമുക്ക് ഒന്നിലധികം അടയാളങ്ങൾകൊണ്ടുനടക്കാൻ സാധിക്കുന്ന രാജ്യമാണ് കാനഡ. നിങ്ങളുടെ ഹൃദയത്തിൽ രണ്ട് രാജ്യങ്ങൾക്കും സ്ഥാനമുണ്ടാകട്ടെ,” എന്ന് കാനഡ സോക്കർ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ പൗലോ സെൻറ പറഞ്ഞപ്പോൾ പല ആരാധകരും വികാരാധീനരായി.

കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിനയോട് തോറ്റാണ് ഇറ്റലി ലോകകപ്പിൽ നിന്ന് പുറത്തായത്. അതേസമയം, ജൂൺ 12-ന് ടൊറന്റോയിലെ ബിഎംഒ ഫീൽഡിൽബോസ്നിയ-ഹെർസഗോവിനയുമായി തന്നെയാണ് കാനഡയുടെ ആദ്യ ലോകകപ്പ് മത്സരം. സ്വന്തം മണ്ണിൽ കാനഡ കളിക്കുന്ന ആദ്യ ലോകകപ്പ് മത്സരം കൂടിയാണിത്. ഈ പരിപാടി സോഷ്യൽ മീഡിയയിൽ ചില വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും, വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ കരുതിവെച്ചിരുന്ന ജേഴ്സികളെല്ലാം തീർന്നുപോകുന്ന തരത്തിലുള്ള വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
